Sunday, November 24, 2024

ലോകമുത്തശ്ശി, കെയ്ന്‍ തനകയ്ക്ക് വിട; അന്ത്യം ജപ്പാനില്‍ 119-ാം വയസ്സില്‍

ലോകത്തിലെ ഏറ്റവും പ്രായം കൂടിയയാളെന്ന റെക്കോര്‍ഡുള്ള ലോകമുത്തശ്ശി, കെയ്ന്‍ തനക, ജപ്പാനില്‍ 119ാം വയസ്സില്‍ അന്തരിച്ചു. തിങ്കളാഴ്ചയാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ ഇവരുടെ മരണം സ്ഥിരീകരിച്ചത്.

1903 ജനുവരി രണ്ടിനാണ് കെയ്ന്‍ തനക ജപ്പാനിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ഫുക്കുവോക്കയില്‍ ജനിച്ചത്. തന്റെ അവസാന കാലത്തും തനക ഏറെ ആരോഗ്യവതിയായിരുന്നു. ഒരു നഴ്‌സിങ് ഹോമിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. ചോക്ലേറ്റ്, സോഡ, ചെസ്സ് കളി, ഗണിതം എന്നിവയിലായിരുന്നു തനകയ്ക്ക് താല്‍പര്യം.

തന്റെ ചെറുപ്പകാലത്ത് നിരവധി ബിസിനസുകള്‍ അവര്‍ നോക്കി നടത്തിയിരുന്നു. ന്യൂഡില്‍സ് ഷോപ്പ്, റൈസ് കേക്ക് മില്‍ എന്നിവയില്‍ നിന്നുള്ള വരുമാനമായിരുന്നു പ്രധാന ജീവിതോപാധി. 1922ല്‍ ഹിഡിയോ, തനകയെ വിവാഹം ചെയ്തു. ഇവരുടെ വിവാഹം നടന്നിട്ട് ഈ വര്‍ഷം ഒരു നൂറ്റാണ്ട് തികഞ്ഞിരിക്കുകയായിരുന്നു. നാല് കുട്ടികള്‍ക്കാണ് തനക ജന്‍മം നല്‍കിയത്. ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിട്ടുണ്ട്.

2021 ടോക്യോ ഒളിമ്പിക്‌സില്‍ ടോര്‍ച്ച് റിലേയില്‍ പങ്കെടുക്കാന്‍ തനക തയ്യാറായതായിരുന്നു. വീല്‍ചെയറിലാണ് ഇതിനുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് 19 കാരണം ഒളിമ്പിക്‌സ് അധികൃതര്‍ ഈ റിലേ തന്നെ മാറ്റിവെക്കുകയായിരുന്നു.

2019ലാണ് ഇവരെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളായി ഗിന്നസ് ലോകറെക്കോര്‍ഡ് പ്രഖ്യാപിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതെന്ന് ചോദിച്ചപ്പോള്‍ ‘ഈ നിമിഷം’ എന്നായിരുന്നു തനക മറുപടി പറഞ്ഞത്. പ്രായമേറിയ കാലത്തും രാവിലെ എന്നും 6 മണിക്കാണ് തനക ഉറക്കമെണീക്കാറുള്ളത്. ഉച്ചയ്ക്ക് ശേഷം കണക്ക് പഠിക്കുകയും കാലിഗ്രാഫി പരിശീലിക്കുകയും ചെയ്യും.

ഒഥല്ലോ എന്ന ഒരു ബോര്‍ഡ് ഗെയിം കളിക്കുന്നതിലും അതീവ തല്‍പരയായിരുന്നു. ഈ മത്സരത്തില്‍ എതിരാളികളെ നിഷ്പ്രയാസം തോല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. തനകയുടെ ജീവിതം ജപ്പാന്‍കാര്‍ക്കും ലോകത്തിനാകെയും പ്രചോദനമാണ്. പ്രായമായവരെ ബഹുമാനിക്കുന്നതിനായി ജപ്പാനില്‍ സെപ്തംബറില്‍ ഒരു ദിവസം മാറ്റിവെച്ചിട്ടുണ്ട്. ഇത് ദേശീയ അവധി ദിവസമാണ്.

വരുന്ന വര്‍ഷം ഇത് കെയ്ന്‍ തനകയ്ക്ക് വേണ്ടി മാറ്റിവെക്കാനാണ് പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനമെന്ന് പ്രദേശത്തെ ഗവര്‍ണറായ സെയ്താരോ ഹട്ടോരി പറഞ്ഞു. ”അവര്‍ക്കിഷ്ടപ്പെട്ട സോഡയും ചോക്ലേറ്റുകളും നല്‍കി ആഘോഷിക്കും,” തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഹട്ടോരി പറഞ്ഞു.

Latest News