കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിലാണു തീരുമാനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ഗാന്ധിയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത കാര്യം അറിയിച്ച് ലോക്സഭാ പ്രോട്ടെം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബിനു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി കത്തെഴുതി.
2014, 2019 ലോക്സഭകളില്‍ പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല. ലോക്സഭയിലെ ആകെ അംഗങ്ങളുടെ പത്തു ശതമാനം(കുറഞ്ഞത് 55 അംഗങ്ങള്‍) ലഭിക്കുന്ന കക്ഷിക്കാണ് പ്രതിപക്ഷനേതാവ്സ്ഥാനം ലഭിക്കുക. കോണ്‍ഗ്രസിന് 2014ല്‍ 44ഉം 2019ല്‍ 52ഉം സീറ്റാണു ലഭിച്ചത്. ഇത്തവണ കോണ്‍ഗ്രസിന് 100 അംഗങ്ങളുണ്ട്.ഇത്തവണ റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തി.
അഞ്ചാം തവണയാണ് രാഹുല്‍ ലോക്സഭാംഗമായത്. 2004ല്‍ അമേഠിയില്‍നിന്ന് ആദ്യമായി ലോക്സഭാംഗമായ രാഹുല്‍ 2009ലും2014 ലും അമേഠിയില്‍ വിജയം ആവര്‍ത്തിച്ചു. 2019ല്‍ അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ അമേഠിയില്‍ തോറ്റു.