യുക്രെയ്നിന്റെ വിജയം തങ്ങളെ സംബന്ധിച്ച് അനിവാര്യമാണെന്നും എന്നാല്‍ യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി രാഷ്ട്രത്തോടുള്ള തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
‘പല നഗരങ്ങളും കമ്മ്യൂണിറ്റികളും ഇപ്പോഴും റഷ്യന്‍ സൈന്യത്തിന്റെ താല്‍ക്കാലിക നിയന്ത്രണത്തിലാണ്. പക്ഷേ, നമ്മുടെ ഭൂമി സ്വതന്ത്രമാക്കുന്നതിന് കുറച്ച് സമയത്തിന്റെ ആവശ്യം മാത്രമേ ഉള്ളൂ എന്നതില്‍ എനിക്ക് സംശയമില്ല’. അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഫെബ്രുവരി 24-ന് ആരംഭിച്ച അധിനിവേശം മൂന്ന് മാസം കടന്നതായി അദ്ദേഹം നേരത്തെ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. ‘യുക്രെയ്ന് എപ്പോള്‍ റഷ്യക്കാരെ പരാജയപ്പെടുത്തും എന്ന ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം പറയാനാവില്ല. ഓരോ യുക്രേനിയക്കാരനും യുദ്ധം ചെയ്താല്‍ വിജയവും സമാധാനവും കൂടുതല്‍ വേഗത്തില്‍ വരും’. അദ്ദേഹം പറഞ്ഞു. റഷ്യ സമാധാനം തേടി സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങണമെങ്കില്‍, ഓരോ യുക്രേനിയക്കാരനും ഇനിയും അവരോട് പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.