Sunday, November 24, 2024

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു

18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തു. ഓം ബിര്‍ലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. ഓം ബിര്‍ള യെ സ്പീക്കറായി തെരഞ്ഞെടുക്കണം എന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികള്‍ പിന്തുണച്ചു.

പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി.

പ്രതിപക്ഷം ഡിവിഷന്‍ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കില്‍ ഇലക്ട്രോണിക് സംവിധാനത്തില്‍ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാല്‍ മറ്റു പ്രമേയങ്ങള്‍ വോട്ടിനു പരിഗണിച്ചില്ല. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം ബിര്‍ള സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്. സുമിത്ര മഹാജന് ശേഷം 2019 ല്‍ ആദ്യമായി ലോക്‌സഭാ സ്പീക്കറായി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് പുതിയ സ്പീക്കറെ ചേമ്പറിലേക്ക് ആനയിച്ചത്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിര്‍ളയെ അഭിനന്ദിച്ചു. ഓം ബിര്‍ള സ്പീക്കറായത് സഭയുടെ ഭാഗ്യമെന്ന് മോദി പറഞ്ഞു.

 

Latest News