തിരുവനന്തപുരം നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ട്രാഫിക് പോലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി ഷൈജു ഇന്ന് വാര്‍ത്തയില്‍ നിറയുന്നത് മനുഷ്യമുഖമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്നു ചോദിച്ച യാചക വയോധികനെ പോലീസുകാരന്‍ കുളിപ്പിച്ചു കൊടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമാണ് സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണുന്നത്.
ഡ്യൂട്ടി അവസാനിച്ചതിനാല്‍ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. പക്ഷേ, മറുപടി ‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ സമീപത്തെ ഇടവഴിയില്‍ നിന്ന് കുളിക്കാന്‍ ഷൈജു സൗകര്യമൊരുക്കിക്കൊടുത്തു. 80 വയസുകാരനെ സ്വന്തം പിതാവിനെ പോലെ ഷൈജു, സോപ്പു തേപ്പിച്ചു നന്നായി കുളിപ്പിച്ചു. പുതിയ വസ്ത്രവും പണവും നല്‍കിയാണ് വയോധികനെ യാത്രയാക്കിയത്. സോഷ്യല്‍മീഡിയവഴി വൈറലായ ഈ പുണ്യപ്രവര്‍ത്തിയ്ക്ക് ബിഗ് സല്യൂട്ടാണ് ജനം നല്‍കുന്നത്.