Saturday, November 23, 2024

സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല

സമ്പൂര്‍ണ്ണ പരീക്ഷാ പരിഷ്‌കരണവുമായി കേരള സര്‍വകലാശാല. നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായി എഴുത്തു പരീക്ഷ ഒഴികെ ബാക്കി എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റും. പരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാണ് സര്‍വ്വകലാശാല ലക്ഷ്യമിടുന്നത്. നാല് വര്‍ഷ ബിരുദം എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ തന്നെ ഇത് നടത്താനുള്ള താല്‍പര്യം അറിയിച്ച് കേരള സര്‍വകലാശാല മുന്നോട്ട് വന്നിരുന്നു.

പരീക്ഷ നടത്തിപ്പിന്റെ ചുമതല പൂര്‍ണമായും സര്‍വകലാശാലയ്ക്ക് എന്ന രീതി മാറും. പകരം എട്ട് സെമസ്‌ററുകള്‍ ഉള്ള കോഴ്സിനെ രണ്ടായി വിഭജിച്ച് പരീക്ഷകള്‍ നടത്തും. 1,3,5,7 സെമസ്‌ററുകളില്‍ പരീക്ഷകള്‍ കോളജുകള്‍ക്ക് നേരിട്ട് ക്രമീകരിക്കാം. 2,4,6,8 സമസ്റ്ററുകളില്‍പഴയതുപോലെ സര്‍വകലാശാലയുടെ ഉത്തരവാദിത്തമാകും പരീക്ഷകള്‍.

നിലവിലുള്ളത് പോലെയുള്ള എഴുത്തു പരീക്ഷകള്‍ തന്നെ തുടരാനാണ് തീരുമാനം. പക്ഷേ മൂല്യനിര്‍ണയവും ക്രോഡീകരണവും അടക്കമുള്ള എല്ലാ ബാക്കി പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനിലേക്ക് പറിച്ചു നടും. മൂല്യനിര്‍ണ്ണയം സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ തന്നെ മതി എന്നതാണ് നിലവിലെ തീരുമാനം. പരീക്ഷകള്‍ നടത്തി ഒരാഴ്ചയ്ക്കകം ഫലപ്രഖ്യാപനം നടത്താനാകുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.

ഇതിനുവേണ്ടി പരീക്ഷ വിഭാഗം പൂര്‍ണ്ണമായും പൊളിച്ച് പണിയാനാണ് തീരുമാനം. ആധുനിക സോഫ്റ്റ്വെയറുകളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. 75 ലക്ഷം രൂപ പരീക്ഷ വിഭാഗത്തിന്റെ നവീകരണത്തിന് വേണ്ടി സര്‍വകലാശാല ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്

 

Latest News