ചെങ്കടലില്‍ ലൈബീരിയയുടെ പതാക ഘടിപ്പിച്ച കപ്പല്‍ ആക്രമിച്ചതിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി ഭീകരര്‍ ഏറ്റെടുത്തു. അഞ്ച് മിസൈലുകളെ കപ്പല്‍ അതിജീവിച്ചു. മെഡിറ്ററേനിയനില്‍ രണ്ട് കപ്പലുകള്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് കപ്പലുകളും ഹൂതികള്‍ ലക്ഷ്യമിട്ടു. എണ്ണക്കപ്പലായ ഡെലോനിക്‌സിന് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
യെമന്‍ തുറമുഖമായ ഹൊദൈദയില്‍ നിന്ന് 150 നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറ് ലക്ഷ്യമാക്കി നീങ്ങിയ കപ്പലിന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കപ്പല്‍ വടക്കോട്ട് നീങ്ങുകയാണെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) മോണിറ്റര്‍ പറഞ്ഞു.
ചെങ്കടലിലെ ഇയോന്നിസ് കപ്പലിനെയും വാലര്‍ എണ്ണക്കപ്പലിനെയും മെഡിറ്ററേനിയനിലെ ജൊഹാനസ് മെഴ്‌സ്‌ക് കപ്പലിനെയും ഹൂത്തികള്‍ ആക്രമിച്ചതായും യഹ്യ സാരി പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കണ്ടെയ്‌നര്‍ കാരിയറായ മെഴ്‌സ്‌കിന്റെ ഉടമസ്ഥതയിലുള്ള ജൊഹാനസ് മെഴ്‌സ്‌ക് ലക്ഷ്യമിട്ടത് സയണിസ്റ്റ് സ്ഥാപനത്തിന് ഏറ്റവും പിന്തുണ നല്‍കുന്ന കമ്പനികളിലൊന്നായതിനാലും തുറമുഖങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച നിരോധന തീരുമാനം ലംഘിക്കുന്ന ഏറ്റവും വലിയ കമ്പനിയായതിനാലുമാണെന്ന് സാരി പറഞ്ഞു.
ഹൂതികള്‍ ആരംഭിച്ച ആക്രമണത്തെത്തുടര്‍ന്ന് നവംബര്‍ മുതല്‍ അന്താരാഷ്ട്ര ഷിപ്പിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. പല കപ്പലുകളും സൂയസ് കനാലിലേക്കുള്ള ചെങ്കടല്‍ റൂട്ട് ഒഴിവാക്കേണ്ടി വന്നു. പകരം ആഫ്രിക്കയുടെ തെക്കേ അറ്റം ചുറ്റിയുള്ള ദീര്‍ഘദൂര യാത്ര നടത്താന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് കപ്പലുകള്‍.