മൗര്യസാമ്രാജ്യത്തിലെ കരുത്തനും ധീരനും പ്രശസ്തനുമായ ഭരണാധികാരിയായിരുന്നു അശോക ചക്രവര്‍ത്തി. ചക്രവവര്‍ത്തിമാരുടെ ചക്രവര്‍ത്തി എന്നാണ് അശോകനെ വിശേഷിപ്പിക്കുന്നത്. മൗര്യ സാമ്രാജ്യത്തിലെ ചന്ദ്രഗുപ്ത മൗര്യന്റെ പൗത്രനായ അശോകന്‍ ബിസി 304 ല്‍ ഇന്നത്തെ ബീഹാറിലെ പാറ്റ്‌നയായ പാടലീപുത്രയിലാണ് ജനിച്ചത്. മൗര്യ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന ബിന്ദുസാരനാണ് പിതാവ്. അശോക വര്‍ദ്ധന്‍ എന്നായിരുന്നു പൂര്‍ണ നാമം. കുഞ്ഞുനാളിലെ അസാമാന്യമായ ബുദ്ധിയും ധൈര്യവും അശോകനില്‍ പ്രകടമായിരുന്നു. ആയോധന കലകളിലും യുദ്ധ മുറകളിലും പ്രാവീണ്യം നേടിയിരുന്ന അശോകന്‍ പിതാവിന്റെ പിന്‍ഗാമിയായാണ് ഭരണപഥത്തില്‍ എത്തുന്നത്.
അശോകനെന്ന നക്ഷത്രം
ഹിന്ദുക്കുഷ് പര്‍വത നിരകള്‍ തൊട്ട് കിഴക്ക് ബംഗാള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ വ്യാപിച്ച കൂറ്റന്‍ സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു അശോകന്‍. പാടലീപുത്രമായിരുന്നു തലസ്ഥാനം. പ്രസിദ്ധ സാഹിത്വകാരനായ എച്ച്.ജി. വെല്‍സ് പറയുന്നു, ‘;ചരിത്രത്തിന്റെ നിരയില്‍ തിക്കിത്തിരക്കുന്ന പതിനായിരക്കണക്കിന് രാജാക്കന്മാരുടേയും അവരുടെ മഹത്വത്തിന്റേയും മഹാമനസ്‌കതയുടേയും ഇടയില്‍ അശോകന്റെ പേരു മാത്രം തനിച്ച് ഒരു നക്ഷത്രത്തെ പോലെ തിളങ്ങിക്കൊണ്ടേയിരിക്കുന്നു’.
ചെറുപ്പം മുതല്‍ തന്നെ ആയോധന കലകളിലും, യുദ്ധമുറകളിലും എല്ലാം തന്റെ പ്രാവീണ്യം തെളിയിച്ചു. അത് കൊണ്ടു തീരെ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന് സൈനിക പരിശീലനം നല്‍കപ്പെട്ടു. ഒന്നാം തരം വേട്ടക്കാരന്‍ കൂടിയായിരുന്ന അദ്ദേഹം ഒരിക്കല്‍ ഒരു മരക്കഷ്ണം മാത്രം ആയുധമായി ഉപയോഗിച്ച് ഒരു സിംഹത്തെ കൊന്നുവത്രെ. എതിരാളികളെ പോലും ഭയപ്പെടുത്തുന്ന യോദ്ധാവ്; നിഷ്ഠൂരനായ സൈന്യാധിപന്‍; ഇതൊക്കെയായിരുന്നു അദ്ദേഹത്തിന് കൊട്ടാരത്തിലുണ്ടായിരുന്ന ഖ്യാതി.
അഹിംസയില്‍ അടിയുറച്ചു വിശ്വസിച്ച അശോകന്‍ രാജ്യത്തെ ഗ്രാമീണസമ്പദ് വ്യവസ്ഥയില്‍ നിന്നും കാര്‍ഷികവും വാണിജ്യപരവുമായ പുത്തന്‍ വ്യവസ്ഥിതിയില്‍ എത്തിച്ചു. ബുദ്ധമതപ്രചരണത്തിനായി മിഷനറി സംഘങ്ങളെ വിദേശരാജ്യങ്ങളിലേയ്ക്കയച്ചു. മനുഷ്യനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ച അശോകന്‍ സത്രങ്ങള്‍ നിര്‍മ്മിക്കുകയും വഴിയോരങ്ങളില്‍ തണല്‍വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുകയും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ആശുപത്രികള്‍ നിര്‍മ്മിക്കുകയും ചെയ്തു. അഹിംസയുടേയും മതമൈത്രിയുടേയും ഒരു പുണ്യഭൂമിയാക്കി ഭാരതത്തെ മാറ്റാന്‍ അശോകന്‍ ഏറെ പരിശ്രമിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്.
അശോകന്റെ മനസുമാറ്റിയ കലിംഗയുദ്ധം
മൗര്യചക്രവര്‍ത്തിയായ അശോകനും ഇന്നത്തെ ഒറീസയിലെ കലിംഗനാടും തമ്മില്‍ നടന്ന യുദ്ധമാണ് കലിംഗയുദ്ധം. ഇത് ഭാരതചരിത്രത്തിലെ ഏറ്റവും വലുതും പ്രാധാന്യമര്‍ഹിക്കുന്നതുമായ യുദ്ധങ്ങളിലൊന്നായി എണ്ണപ്പെടുന്നു. അതിശക്തനായ അശോകന്റെ മുന്നില്‍ ഒരു നാട്ടുരാജ്യം മാത്രമായിരുന്ന കലിംഗം പരാജയപ്പെട്ടു. കലിംഗ യുദ്ധം അശോകന്‍ ജയിച്ചെങ്കിലും യുദ്ധത്തിന്റെ കെടുതികള്‍ അശോകനെ അസ്വസ്ഥപ്പെടുത്തി. ഒരു ലക്ഷത്തിലധികം പേര്‍ വധിക്കപ്പെടുകയും ഒന്നര ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകര യുദ്ധത്തിന് താനാണുത്തരവാദി എന്ന് അശോകന്‍ കരുതുകയും ദുഃഖിതനായ അശോകന്‍ ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു.
അശോകന്റെ ധര്‍മ്മ ശാസനങ്ങള്‍
അശോകന്‍ തന്റെ സാമ്രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള ശിലാശാസനങ്ങളെ ധര്‍മ്മ ശാസനങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഇവയിലധികവും നൂറ്റാണ്ടുകളായി വിസ്മൃതിയിലാണ്ടു കിടക്കുകയായിരുന്നു. അവയുടെ ലിപിയും തികച്ചും അജ്ഞാതമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പുരാതന ബ്രഹ്മി ലിപി വായിക്കപ്പെട്ടതോടു കൂടി അശോക ശാസനങ്ങള്‍ വീണ്ടും വെളിച്ചംകണ്ടു തുടങ്ങി.
പുരാതന ഭാരതത്തെ കുറിച്ചും മൗര്യ സാമ്രാജ്യത്തെ കുറിച്ചുമെല്ലാം വിലപ്പെട്ട അറിവുകളാണ് ഈ ശിലാ ലിഖിതങ്ങള്‍ സമ്മാനിച്ചത്. മൂന്നു ഭാഷകളിലായാണ് ഈ ലിഖിതങ്ങള്‍ കാണപ്പെടുന്നത്. പ്രാകൃത്, ഗ്രീക്ക്, അരമായിക് എന്നിവയാണവ. ജനങ്ങളില്‍ ധര്‍മ്മാഭിമുഖ്യം വളര്‍ത്തുകയാണ് തന്റെയീ ശാസനങ്ങളുടെ ഉദ്ദേശ്യമെന്ന് അശോകന്‍ എടുത്തു പറയുന്നു.
അണയാത്ത അഗ്നി
ഏതാണ്ട് നാല്‍പത് വര്‍ഷത്തെ ഭരണത്തിനു ശേഷം ബി. സി. 232 ല്‍ അശോകന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം ഏഴു പകലിനും, ഏഴു രാത്രികള്‍ക്കും ശേഷമാണത്രെ ചിതയിലെ തീ അണഞ്ഞത്. എന്തായാലും ഉചിതമായ ആദരവ് തന്നെയാണ് ഭാരതം പില്‍ക്കാലത്ത് അദ്ദേഹത്തിന് നല്‍കിയത്. സാരാനാഥില്‍ നിന്ന് കണ്ടെടുത്ത അശോക സ്തംഭത്തെ ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമായി തിരഞ്ഞെടുക്കുകയും, അശോക ചക്രത്തെ ഇന്ത്യയുടെ പതാകയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.