തന്റെ രാജ്യത്തിന്റെ ആണവശേഷി പരമാവധി വേഗതയില്‍ ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് കിം ജോങ് ഉന്‍ പ്രതിജ്ഞയെടുത്തുവെന്ന് ഉത്തരകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി സൈനിക പരേഡിനിടെയാണ് കിം ഇക്കാര്യം പറഞ്ഞതെന്ന് ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി ചൊവ്വാഴ്ച അറിയിച്ചു.
ഉത്തരകൊറിയ പരമാവധി വേഗതയില്‍ ആണവശേഷികളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ തുടരും എന്ന് കിം പറഞ്ഞതായി KCNA റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ദീര്‍ഘകാല നയതന്ത്ര തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കിമ്മിന്റെ പ്രസ്താവന.
ഉപരോധത്തില്‍ നിന്നും മറ്റും കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കാന്‍ യുഎസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമെന്ന നിലയില്‍ അടുത്തിടെ കിം നിരവധി മിസൈല്‍ പരീക്ഷണങ്ങളും നടത്തിയിരുന്നു. സൈന്യം സ്ഥാപിച്ചതിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഉത്തരകൊറിയ തലസ്ഥാനത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൈനിക പരേഡും ആരംഭിച്ചു. അമേരിക്കയെയും സഖ്യകക്ഷികളെയും ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ള ശക്തമായ മിസൈലുകളും മറ്റ് ആയുധങ്ങളും ഉത്തരകൊറിയ പരേഡില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞു.
കഴിഞ്ഞ പരേഡുകളില്‍, തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്തുന്നതിനും ആഭ്യന്തര ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി ഉത്തര കൊറിയ പുതുതായി നിര്‍മ്മിച്ച ആണവ ശേഷിയുള്ള മിസൈലുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്ന പ്രസംഗങ്ങളും കിം നടത്തിയിട്ടുണ്ട്.
2017 ന് ശേഷമുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ ഫ്‌ലൈറ്റ് പരീക്ഷണം ഉള്‍പ്പെടെ ഉത്തര കൊറിയ ഈ വര്‍ഷം 13 റൗണ്ട് ആയുധ പരീക്ഷണങ്ങള്‍ നടത്തി. ഉത്തരകൊറിയ അടുത്തിടെ പരീക്ഷിച്ച ആയുധങ്ങള്‍ യുഎസിനേയും ദക്ഷിണ കൊറിയയെയും ജപ്പാനെയും ആക്രമിക്കാന്‍ കഴിവുള്ളവയാണ്. അമേരിക്കയുമായുള്ള ആണവ ചര്‍ച്ചകള്‍ സ്തംഭിച്ചതിനാല്‍ ദക്ഷിണ കൊറിയയെ ലക്ഷ്യമാക്കി ഹ്രസ്വദൂര ആയുധശേഖരം വിപുലീകരിക്കുന്നതിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഉത്തരകൊറിയയെ ആണവശക്തിയായി അംഗീകരിക്കാനും സാമ്പത്തിക ഉപരോധം നീക്കാനും അമേരിക്കയെ നിര്‍ബന്ധിതരാക്കുകയെന്ന ലക്ഷ്യത്തോടെ കിം ആണവായുധം പുനരുജ്ജീവിപ്പിക്കുന്നതിനിടെയാണ് പരേഡ്. യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തെച്ചൊല്ലി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഭിന്നിപ്പുള്ളതിനാല്‍ ഉത്തരകൊറിയ തങ്ങളുടെ ആയുധ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ അനുകൂലമായ അന്തരീക്ഷം ചൂഷണം ചെയ്യുകയാണെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.