Monday, November 25, 2024

റഷ്യന്‍ ആക്രമണത്തിന് പിന്നാലെ കൂടുതല്‍ ദീര്‍ഘദൂര മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ആവശ്യപ്പെട്ട് സെലന്‍സ്‌കി

ശനിയാഴ്ച റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തിനു പിന്നാലെ കൂടുതല്‍ ദീര്‍ഘദൂര മിസൈലുകള്‍ക്കും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കും വേണ്ടിയുള്ള അഭ്യര്‍ഥന ശക്തമാക്കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. കഴിഞ്ഞ ദിവസം സപ്പോറിഷ്യ നഗരത്തിന് സമീപമുള്ള വില്‍നിയന്‍സ്‌ക് പട്ടണത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു , യുക്രെയ്ന്‍ നഗരങ്ങളെ സംരക്ഷിക്കാനുള്ള ഒരേയൊരു മാര്‍ഗം റഷ്യന്‍ മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിക്കുകയും ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണെന്ന സെലെന്‍സ്‌കിയുടെ പ്രതികരണം.

‘നമ്മുടെ നഗരങ്ങളും ആളുകളും റഷ്യന്‍ വ്യോമാക്രമണങ്ങളാല്‍ ദിനേന കഷ്ടപ്പെടുന്നു. റഷ്യന്‍ മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിക്കുക, യഥാര്‍ഥ ദീര്‍ഘദൂര ശേഷി ഉപയോഗിച്ച് ആക്രമണം നടത്തുക, ആധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ വഴികളാണ് അതിനെ മറികടക്കാനുള്ള വഴികള്‍’ ടെലിഗ്രാമില്‍ പങ്കുവച്ച സന്ദേശത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് കുറിച്ചു. റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്ന വില്‍നിയന്‍സ്‌കില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സെലന്‍സ്‌കിയുടെ പോസ്റ്റ്.

രണ്ട് മിസൈലുകള്‍ നഗരത്തില്‍ പതിച്ചതായും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഒരു കടയ്ക്കും പാര്‍പ്പിട കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായുമാണ് യുക്രെയ്ന്റെ വിശദീകരണം. റഷ്യയാകട്ടെ ആക്രമണത്തെ കുറിച്ച് പരസ്യപ്രതികരണം നടത്തിയിട്ടുമില്ല. യുക്രെയ്‌ന്റെ പാശ്ചാത്യ സഖ്യകക്ഷികള്‍ ഇതിനകംതന്നെ നിരവധി ദീര്‍ഘദൂര ആയുധങ്ങള്‍ യുക്രെയ്ന്‍ സേനയ്ക്ക് നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിന്റെ സ്‌കാല്‍പ്പ് മിസൈലുകള്‍, യുകെയുടെ സ്റ്റോം ഷാഡോ, അമേരിക്കയുടെ എടിഎസിഎംഎസ് എന്നിവ കൂടാതെ യുഎസ് നിര്‍മിത പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും യുക്രെയ്ന്റെ പക്കലുണ്ട്. എന്നാല്‍ യുക്രെയ്ന്റെ പ്രധാന ദായകരായ അമേരിക്കയില്‍നിന്നുള്ള ആയുധങ്ങളുടെ വരവ് അടുത്തിടെ കുറഞ്ഞിരുന്നു. യുക്രെയ്‌ന് ആയുധസഹായം നല്‍കാനുള്ള ഒരു ബില്‍ കോണ്‍ഗ്രസില്‍ കുടുങ്ങിയതോടെയായിരുന്നു സംഭവം.

എന്നാല്‍, ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഏപ്രിലില്‍ നിയമം പാസായിരുന്നു. തൊട്ടടുത്തമാസം വ്യോമ പ്രതിരോധ സംവിധാനങ്ങളും ദീര്‍ഘദൂര മിസൈലുകളും യുക്രെയ്‌നിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ വെടികോപ്പുകളുടെയും വ്യോമ പ്രതിരോധ മിസൈലുകളുടെയും കുറവ്, യുക്രെയ്‌നില്‍ ജീവഹാനിയും റഷ്യയ്ക്ക് പ്രാദേശിക നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും സെലന്‍സ്‌കി ആരോപിച്ചിരുന്നു. യുദ്ധം വിജയിക്കാന്‍ കൂടുതല്‍ പിന്തുണയും സെലെന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

 

 

Latest News