ഇസ്രായേലും ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘവും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള ആക്രമണം, ലോകം ഭയക്കുന്ന മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് വ്യാപിക്കുന്നതില്‍ നിന്ന് തടയാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് അമേരിക്കയും യൂറോപ്യന്‍, അറബ് രാജ്യങ്ങളും.
ഗാസയിലെ ഹമാസുമായുള്ള ഇസ്രായേല്‍ പോരാട്ടത്തിന്റെ ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുന്നതിനാല്‍ അമേരിക്കന്‍, യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. കാരണം ഹമാസിനേക്കാള്‍ ശക്തമായതിനാല്‍ ഹിസ്ബുള്ള അമിത ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്.
എന്നാല്‍ ലെബനനിലേക്ക് ആക്രമണം നടത്താനുള്ള യുദ്ധസജ്ജമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചാല്‍, അമേരിക്കയ്‌ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇസ്രായേല്‍ നേതാക്കളെ തടഞ്ഞുനിര്‍ത്താന്‍ കഴിയുമെന്ന് ഹിസ്ബുള്ള സംഘം കണക്കാക്കേണ്ടതില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ വരുന്നതെന്തും കൈകാര്യം ചെയ്യാനുള്ള കഴിവ് ഭീകരവാദ പോരാളികള്‍ക്ക് ഉണ്ടെന്ന് ഹിസ്ബുള്ള കരുതരുതെന്നും രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഇസ്രായേലുമായി ഒരു യുദ്ധമുണ്ടായാല്‍ അത് ലെബനനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമായിരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അടുത്തിടെ പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി പെന്റഗണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം മിഡില്‍ ഈസ്റ്റില്‍ ഭയാനകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധമുണ്ടായാലുള്ള അഭയാര്‍ത്ഥി പ്രവാഹത്തെയാണ് യൂറോപ്യന്മാര്‍ ഭയപ്പെടുന്നത്.
ഇസ്രായേലില്‍ എവിടെയും ആക്രമിക്കാന്‍ ശേഷിയുള്ള ഏകദേശം 150,000 റോക്കറ്റുകളുടെയും മിസൈലുകളുടെയും ആയുധശേഖരം ഹിസ്ബുള്ളയുടെ കൈവശമുണ്ട്. എന്നാല്‍ ഒരു സമ്പൂര്‍ണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ലെബനനില്‍ ഗാസയ്ക്ക് സമാനമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പറയുന്നു. ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ ശമിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.