Sunday, November 24, 2024

ഡൊണാള്‍ഡ് ട്രംപിന് യുഎസ് സുപ്രീം കോടതിയുടെ ‘സംരക്ഷണം’; ക്രിമിനല്‍ കേസുകളില്‍ പലതിലും വിചാരണ നേരിടേണ്ടിവരില്ല

അമേരിക്കന്‍ മുന്‍ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് സുപ്രീംകോടതിയുടെ ആശ്വാസ വിധി. പ്രസിഡന്റ് ആയിരുന്ന കാലത്ത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിചാരണയില്‍ നിയമപരിരക്ഷ ലഭിക്കുമെന്ന് സുപ്രീംകോടതി വിധിച്ചു. ഇതോടെ, പല ക്രിമിനല്‍ കേസുകളിലും ട്രംപിന് വിചാരണ നേരിടേണ്ടി വരില്ല.

അതേസമയം പ്രസിഡന്റായ സമയത്തെ എല്ലാ ഇടപെടലുകള്‍ക്കും നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും നിയമവിരുദ്ധമായി സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി നടത്തിയ ഇടപെടലുകള്‍ക്ക് വിചാരണ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ കേസിലെ നടപടി ക്രമങ്ങള്‍ ഇനിയും നീളും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ കേസിലെ വിചാരണയും അന്തിമവിധിയും വരികയുള്ളു,

രാജ്യം സ്ഥാപിതമായതിന് ശേഷം ആദ്യമായിട്ടാണ് മുന്‍ പ്രസിഡന്റുമാരെ ഏത് സാഹചര്യത്തിലും ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കാമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചത്.

78 കാരനായ ട്രംപ്, ക്രിമിനല്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റും ഒരു കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ മുന്‍ പ്രസിഡന്റുമാണ്.

2023 ആഗസ്റ്റിലെ കുറ്റപത്രത്തില്‍, അമേരിക്കയെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തി, അമേരിക്കക്കാരുടെ വോട്ടവകാശത്തിന് എതിരായി ഗൂഢാലോചന നടത്തി എന്നീ കുറ്റമാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ ലൈംഗിക കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുകയും പോണ്‍ താരത്തിന് മൊഴിമാറ്റാന്‍ പണം നല്‍കുകയും ചെയ്ത സംഭവത്തില്‍ ട്രംപിനെതിരെ കീഴ്കോടതികളില്‍ ഒന്ന് ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

 

Latest News