Sunday, November 24, 2024

‘സ്പേസ് ടൂറിസം’ പദ്ധതി: ഇന്ത്യയെ പങ്കാളിയാക്കി സെറയും ബ്ലൂ ഒര്‍ജിനും

മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ‘സ്പേസ് ടൂറിസം’ പദ്ധതിയില്‍ ഇന്ത്യയെ പങ്കാളിയാക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജന്‍സികളായ സെറ(എസ് ഇ ആര്‍ എ- സ്പേസ് എക്സ്പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഏജന്‍സി)യും ബ്ലൂ ഒര്‍ജിനും. ഇതുവരെ ബഹിരാകാശത്തേക്ക് ഗവേഷകരെ അയയ്ക്കാത്ത രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ബഹിരാകാശയാത്രയുടെ അനുഭവപരിചയം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ഒരുങ്ങുന്നത്.

ഉടന്‍ വിക്ഷേപണത്തിന് തയാറാകുന്ന ബ്ലൂ ഒര്‍ജിന്റെ ബഹിരാകാശ പേടകമായ ‘ന്യൂ ഷെപ്പേര്‍ഡില്‍’ ആറ് സീറ്റുകളാണ് സെറ വാഗ്ദാനം ചെയ്യുന്നത്. അമേരിക്കയ്ക്കു ലോകമെമ്പാടുനിന്നുമുള്ള ഏതു രാജ്യത്തെ പൗരന്മാര്‍ക്കും യാത്രയ്ക്ക് അപേക്ഷ നല്‍കാം.

രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഭൗമോപരിതല-ബഹിരാകാശ അതിര്‍ത്തിയായ ‘കര്‍മന്‍ ലൈന്‍’ വരെയാണ് യാത്രക്കാരെ പേടകത്തില്‍ കൊണ്ടുപോകുക. ഭൂമിയില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലാണ് ഇത്. 11 മിനിറ്റാണ് വിക്ഷേപണത്തിനു ശേഷം ഇവിടേക്കുള്ള യാത്രാസമയം.

ഗുരുത്വാകര്‍ഷണമേഖലയ്ക്ക് അപ്പുറമുള്ള ‘കര്‍മന്‍ ലൈനില്‍’ എത്തുന്നതോടെ യാത്രക്കാര്‍ക്ക് കുറച്ചു മിനിറ്റ് നേരം ഭാരക്കുറവ് അനുഭവിക്കാന്‍ അവസരമൊരുക്കിയ ശേഷമാകും പേടകം ലാന്‍ഡിങ് പാഡിലേക്ക് തിരികെ യാത്ര ആരംഭിക്കുക.

ഈ പദ്ധതിയില്‍ ഇന്ത്യയെ പങ്കാളിയായി ലഭിച്ചതില്‍ തങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് വെറും 2.50 ഡോളര്‍ ചിലവഴിച്ച് പദ്ധതിയുടെ ഭാഗമാകാനുള്ള വേരിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കാമെന്നും സെറ അറിയിച്ചു. വേരിഫിക്കേഷനു ശേഷം യാത്രയ്ക്കുള്ള ആറുപേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്നും സെറ വൃത്തങ്ങള്‍ പറഞ്ഞു.

 

 

Latest News