യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാവാന്‍ ജോ ബൈഡനേക്കാള്‍ നല്ലത് നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസെന്ന് സര്‍വേ റിപ്പോര്‍ട്ട്. സി.എന്‍.എന്നാണ് ഇതുസംബന്ധിച്ച് സര്‍വ്വേ നടത്തിയത്. ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്റെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സര്‍വ്വേഫലം.
സി.എന്‍.എന്നിന്റെ സര്‍വ്വേ പ്രകാരം ട്രംപുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന് ആറ് പോയിന്റ് പിന്നിലാണ്. അതേസമയം, കമല ഹാരിസും ട്രംപും തമ്മിലുള്ള താരതമ്യത്തില്‍ വോട്ടര്‍മാരുടെ പിന്തുണയില്‍ ഇരുവര്‍ക്കുമിടയില്‍ നേരിയ വ്യത്യാസം മാത്രമേ ഉള്ളു. 47 ശതമാനം പേര് ട്രംപിനെ പിന്തുണക്കുമ്പോള്‍ 45 ശതമാനത്തിന്റെ പിന്തുണ കമല ഹാരിസിനുമുണ്ട്.
സ്ത്രീവോട്ടര്‍മാരില്‍ 50 ശതമാനം പേരുടെ പിന്തുണ കമലഹാരിസിനുണ്ട്. എന്നാല്‍, സ്ഥാനാര്‍ഥിയായി ബൈഡനെത്തുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ക്ക് കിട്ടുന്ന സ്ത്രീവോട്ടര്‍മാരുടെ പിന്തുണ 44 ശതമാനമായി ചുരുങ്ങും. നേരത്തെ ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന് തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്നും പിന്മാറണമെന്ന് ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നു തന്നെ ആവശ്യമുയര്‍ന്നിരുന്നു. സാധാരണ ഗതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള സംവാദത്തിനു ശേഷം, ആരാണ് മികവ് പുലര്‍ത്തിയതെന്ന എപ്പോഴും ചര്‍ച്ചയാവാറുണ്ട്.
എന്നാല്‍ ഇത്തവണ നടന്ന സംഭവങ്ങള്‍ പലതും അസാധാരണമായി. ജോ ബൈഡന്റെ പ്രകടനത്തെ ചൊല്ലി സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ തന്നെ പൊട്ടിത്തെറിയുണ്ടായി. പലയിടത്തും ബൈഡന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നെന്നും ദയനീയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും വിമര്‍ശനമുയര്‍ന്നു. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്കാന് ബൈഡന് കഴിഞ്ഞിരുന്നില്ല. പലയിടത്തും വാക്കുകള്‍ നഷ്ടപ്പെട്ടതും ബൈഡന്റെ പ്രായാധിക്യം കാരണമാണെന്ന് വിലയിരുത്തപ്പെട്ടു.90 മിനിറ്റ് നീണ്ടുനിന്ന സംവാദം, നാലര കോടിയോളം പേര് ടെലിവിഷനിലൂടെ കണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.