ഹമാസിനെ ഉന്മൂലനം ചെയ്യാനെന്ന പേരില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടി ഒമ്പത് മാസം പിന്നിടുമ്പോഴും സൈനിക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഗാസയിലെ സൈനിക നടപടിയെച്ചൊല്ലി ഇസ്രായേല്‍ സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത ഉടലെടുത്തതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇസ്രായേലിന്റെ സൈനിക നേതൃത്വം ഗാസയില്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാരും സൈന്യവും തമ്മിലുള്ള ഭിന്നത ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേലിന്റെ ഉന്നത സൈനിക ജനറല്‍മാര്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ 120-ഓളം ഇസ്രായേലികളെ മോചിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സന്ധിയാണ് എന്നാണ് ഈ ജനറല്‍മാര്‍ വിശ്വസിക്കുന്നത്. ഇസ്രായേല്‍ സേനയിലെ ആറ് സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് നെതന്യാഹു നിഷേധിക്കുകയാണുണ്ടായത്.
ദശാബ്ദങ്ങളിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൈനിക നടപടിയാണ് ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത്. ഇത്രയും നീണ്ട സൈനിക നടപടിക്ക് സൈന്യം തയ്യാറായിട്ടില്ലെന്ന് ഇസ്രായേല്‍ സൈനിക മേധാവികള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ലെബനന് സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം പ്രതിസന്ധി വര്‍ധിപ്പിക്കുന്നുണ്ട് . ഹിസ്ബുള്ളയ്ക്കെതിരെ കരയുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ സൈന്യത്തെ തിരികെ കൊണ്ടുവരാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും സൈനിക നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഹമാസുമായുള്ള കരാര്‍ ഹിസ്ബുള്ളയുമായുള്ള സംഘര്‍ഷം ലഘൂകരിക്കാനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മിലിട്ടറി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി, കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ കമാന്‍ഡര്‍മാര്‍, മിലിട്ടറി ഇന്റലിജന്‍സ് മേധാവി എന്നിവരുള്‍പ്പെടെ ഏകദേശം 30 മുതിര്‍ന്ന ജനറല്‍മാരില്‍ നിന്നാണ് ഇസ്രായേലിന്റെ സൈനിക നേതൃത്വം രൂപീകരിക്കുന്നത്. ഒരു വെടിനിര്‍ത്തലിനോടുള്ള സൈന്യത്തിന്റെ മനോഭാവം, കഴിഞ്ഞ മാസങ്ങളില്‍ അതിന്റെ ചിന്തയിലെ വലിയ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നിവയുള്‍പ്പെടെ അതിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയതിനുശേഷം മാത്രമേ സൈനിക നടപടികള്‍ അവസാനിപ്പിക്കൂ എന്നാണ് നെതന്യാഹുവിന്റെ പക്ഷം.