Monday, November 25, 2024

സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതി; ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയില്‍ ഇളവ്

സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ നിന്ന് ഇനി മുതല്‍ വീടിന്റെ ആധാരം വാങ്ങില്ല. പദ്ധതികളില്‍ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയില്‍ ഇളവ് വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്.

നിലവില്‍ കൈവശമുള്ള ആധാരങ്ങള്‍ തിരികെ നല്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള വ്യവസ്ഥകള്‍ പലതായിരുന്നു.

ഇവ ഏകീകരിച്ചുകൊണ്ടാണ് പുതിയ ഉത്തരവ്. വീടുകള്‍ വില്‍ക്കുന്നതിനും പണയപ്പെടുത്തുന്നതിന്നുമുള്ള കാലാവധി ഏഴ് വര്‍ഷമാക്കി ചുരുക്കി. വീടിന്റെ ആധാരം തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങിവക്കേണ്ടതില്ല. നിലവില്‍ കൈവശമുള്ള ആധാരങ്ങള്‍ തിരികെ നല്കണം.

അപേക്ഷകന്റെ പേരിലുള്ള കരാര്‍ റദ്ദ് ചെയ്തു നല്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാറിന്റെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ വീണ്ടും പരിഗണിക്കാനുള്ള കാലാവധി അഞ്ച് വര്‍ഷമാക്കി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

 

Latest News