ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ വന്‍ ആക്രമണം. ഇസ്രായേലിലേക്ക് 200 റോക്കറ്റുകളും 20 ഡ്രോണുകളും ഉപയോഗിച്ച് വ്യാപക ആക്രമണം നടത്തിയതായി ലബനാനിലെ സായുധ സംഘമായ ഹിസ്ബുല്ല അറിയിച്ചു. ഇക്കാര്യം ഇസ്രായേല്‍ പ്രതിരോധ സേനയും സ്ഥിരീകരിച്ചു.
ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ മുഹമ്മദ് നിമാഹ് നാസറിനെ ബുധനാഴ്ച ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണം. ഇസ്രായേലിലെ നിരവധി സൈനിക കേന്ദ്രങ്ങളില്‍ 200 ലധികം മിസൈലുകള്‍ വിക്ഷേപിച്ചതായി ഹിസ്ബുള്ള വ്യക്തമാക്കി. ഗാസയില്‍ യുദ്ധം ആരംഭിച്ച ശേഷം ഇസ്രായേലിനെതിരെ ഹിസ്ബുള്ള നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഹിസ്ബുള്ള ആക്രമണത്തെ തുടര്‍ന്ന് വടക്കന്‍ ഇസ്രായേലില്‍ 10 കേന്ദ്രങ്ങളില്‍ തീപിടിച്ചതായി ഇസ്രായേലി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇതില്‍ ഏതാനും റോക്കറ്റുകളും ഡ്രോണുകളും വെടിവച്ചിട്ടതായി ഐ.ഡി.എഫ് അവകാശപ്പെട്ടു. പിന്നാലെ തെക്കന്‍ ലബനാനിലെ വിവിധ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി തിരിച്ചടിച്ചതായും ഇസ്രായേല്‍ അറിയിച്ചു.