യുകെ പൊതുതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 14 വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് അന്ത്യമാകുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവേ ചരിത്ര മുന്നേറ്റമാണ് ലേബര്‍ പാര്‍ട്ടി നടത്തുന്നത്. 650 അംഗ പാര്‍ലമെന്റില്‍ 410 സീറ്റിന്റെ ഭൂരിപക്ഷമാണ് കെയിര്‍ സ്റ്റാമര്‍ നയിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എതാണ്ട് ഈ പ്രചവനം ശരിവയ്ക്കുന്ന തരത്തിലാണ് ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം 2019ല്‍ 365 സീറ്റ് നേടിയ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഇത്തവണ 131ലേക്ക് ഒതുങ്ങുമെന്ന് പോള്‍ ഫലങ്ങള്‍ പറയുന്നു. നിലവില്‍ പുറത്തുവന്ന ഫലങ്ങളില്‍ മിക്കതിലും ലേബര്‍ പാര്‍ട്ടിയാണ് വിജയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് യുകെയില്‍ ഉടനീളം വോട്ടെടുപ്പ് നടന്നത്. ലേബര്‍ പാര്‍ട്ടി ജയിക്കുകയാണെങ്കില്‍ കെയിര്‍ സ്റ്റാമര്‍ ആയിരിക്കും പുതിയ യുകെ പ്രധാനമന്ത്രി. പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാവര്ക്കും സമൂഹമാധ്യമത്തിലൂടെ സ്റ്റാമര്‍ നന്ദിയും അറിയിച്ചു. ‘ഞങ്ങള്‍ക്ക് വോട്ട് ചെയ്യുകയും ലേബര്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്ത എല്ലാവര്ക്കും’ സ്റ്റാര്‍മര്‍ നന്ദി കുറിച്ചു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പ്രകടനത്തെ ‘കൂട്ടക്കൊല’ എന്നാണ് സ്കോട്ടിഷ് ടോറി മുന്‍ നേതാവ് റൂത്ത് ഡേവിഡ്സണ് വിശേഷിപ്പിച്ചത്.