Wednesday, November 27, 2024

ഇന്ത്യക്കാര്‍ ശ്വസിക്കുന്നത് വിഷവായു; 10 നഗരങ്ങളിലെ മരണങ്ങളില്‍ 7% വായു മലിനീകരണം മൂലം

ശുദ്ധവായു കിട്ടാതെ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ദി ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 10 പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ പ്രതിദിന മരണങ്ങളില്‍ 7 ശതമാനത്തിലധികം വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, പൂനെ, ഷിംല, വാരണാസി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ഡാറ്റയാണ് പഠനം വിശകലനം ചെയ്തത്.

ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും ആഴത്തില്‍ തുളച്ചുകയറാന്‍ കഴിയുന്ന PM 2.5 ന്റെ അളവ്,ഡബ്ല്യുഎച്ച്ഒയുടെ സുരക്ഷിതപരിധിയായ 15 മൈക്രോഗ്രാം ക്യൂബിക് മീറ്ററില്‍ കവിഞ്ഞതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടി. മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഡല്‍ഹിയിലാണെന്ന് പഠനം പറയുന്നു. പ്രതിവര്‍ഷം, ദേശീയ തലസ്ഥാനത്ത് വായു മലിനീകരണവുമായി ബന്ധപ്പെട്ട 12,000 മരണങ്ങള്‍ രേഖപ്പെടുത്തുന്നു, ഇത് മൊത്തം മരണത്തിന്റെ 11.5 ശതമാനമാണ്.

2008 മുതല്‍ 2019വരെ ഒരു ക്യൂബിക് മീറ്ററിന് 15 മൈക്രോഗ്രാം എന്ന ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശയ്ക്ക് മുകളിലുള്ള പിഎം 2.5 എക്‌സ്‌പോഷര്‍ മൂലം പ്രതിവര്‍ഷം 33,000ലധികം മരണങ്ങള്‍ സംഭവിക്കുമെന്നാണ് പഠനം പറയുന്നത്. ദ ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലിലെ പഠനമനുസരിച്ച് ആ കാലയളവില്‍ നഗരങ്ങളില്‍ രേഖപ്പെടുത്തിയ മരണങ്ങളുടെ 7.2 ശതമാനമാണിത്.

ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളേക്കാള്‍ നാലിരട്ടിയാണ് ഇന്ത്യയിലെ വായു മലിനീകരണം. ഇന്ത്യയിലെ വായുമലിനീകരണം കുറയ്ക്കുന്നതിലൂടെ ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവന്‍ രക്ഷിക്കാനാകുമെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ജോയല്‍ ഷ്വാര്‍ട്‌സ് പറഞ്ഞു. മലിനീകരണം നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഇത്തരം മാര്‍ഗങ്ങള്‍ ഇന്ത്യയില്‍ അടിയന്തരമായി പ്രയോഗിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, വായു മലിനീകരണം ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശ അര്‍ബുദം, മറ്റ് ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

Latest News