കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കിലും ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിമ്പിള്‍ഡന്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതായി റിപ്പോര്‍ട്ട്.
ഇതിനു മുന്‍പ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാതിരുന്നതിന്റെ പേരില്‍ ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് ജോക്കോവിച്ചിന് നഷ്ടപ്പെട്ടിരുന്നു. കോവിഡ് വാക്സീന്‍ സ്വീകരിക്കില്ലെന്ന് താരം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. വാക്സീന്‍ നിര്‍ബന്ധമാണെങ്കില്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കും എന്നും ജോക്കോ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘താന്‍ വാക്സീന്‍ വിരുദ്ധചേരിയുടെ ഭാഗമല്ല. കുട്ടിയായിരിക്കുമ്പോള്‍ വാക്സീന്‍ സ്വീകരിച്ചിട്ടുണ്ട്. ഒരാളുടെ ശരീരത്തില്‍ എന്ത് സ്വീകരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാണ്. അതിനുള്ള സ്വാതന്ത്ര്യത്തെയാണ് ഞാന്‍ പിന്തുണയ്ക്കുന്നത്. കോവിഡിനെ ചെറുക്കാന്‍ എല്ലാവരും സാധ്യമായ വഴികളെല്ലാം തേടുന്നുണ്ട്. ഉടനെ ഈ പ്രയാസങ്ങളെല്ലാം അവസാനിക്കുമെന്നാണ് പ്രതീക്ഷ’. ജോക്കോവിച്ച് അന്ന് പറഞ്ഞു. എങ്കിലും ഇതിനു മുമ്പ് ജോക്കോവിച്ചിന് രണ്ടു തവണ കോവിഡ് ബാധിക്കുകയും ചെയ്തു.
എന്നാല്‍ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ ആവശ്യമില്ല. ഇതാണ് വിമ്പിള്‍ഡന്‍ മത്സരത്തിന്റെ കാര്യത്തില്‍ ജോക്കോവിച്ചിന് അനുകൂലമായത്. ജൂണ്‍ 27 നാണ് വിമ്പിള്‍ഡന് തുടക്കമാവുക.