Tuesday, November 26, 2024

മണിപ്പൂരിലെ വംശീയ കലാപ മേഖലകള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

മണിപ്പൂരിലെ വംശീയ കലാപ മേഖലകള്‍ വീണ്ടും സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എട്ടാം തീയതി രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ മണിപ്പൂര്‍ വിഷയം ഉയര്‍ത്തി പ്രതിപക്ഷം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.

മണിപ്പൂര്‍ കലാപം അടിച്ചമര്‍ത്താന്‍ ഭരണപക്ഷം ഒന്നും ചെയ്തില്ലെന്ന് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആരോപിച്ചിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ മണിപ്പൂര്‍ വിഷയം ഉന്നയിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗ വേളയില്‍ പ്രതിപക്ഷം മണിപ്പൂരിന് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി രംഗത്തുവന്നിരുന്നു. പ്രതിപക്ഷ പ്രതിഷേധം കനത്തതിന് പിന്നാലെ, രാജ്യസഭയില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മറുപടി നല്‍കി. ആദ്യമായി ആയിരുന്നു പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതികരണം നടത്തിയത്. ഇത് തങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായാണെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു.

മണിപ്പൂര്‍ വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം എന്നു വ്യക്തമാക്കുന്നതാണ് വീണ്ടും കലാപ ബാധിത മേഖകള്‍ സന്ദര്‍ശിക്കാനുള്ള രാഹുലിന്റെ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്. അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍, ജനങ്ങളുമായി ആശയവിനിമയം നടത്തും എന്നാണ് സൂചന. മണിപ്പൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായും രാഹുല്‍ ആശയവിനിമയം നടത്തും.

2023 മെയ് മൂന്നിന് ആരംഭിച്ച മണിപ്പൂര്‍ കലാപം ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍, കലാപ ബാധിതരുടെ പുനരധിവാസം അടക്കമുള്ള ഗൗരവമേറിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതായി പ്രതിപക്ഷം വിമര്‍ശിക്കുന്നു. കലാപം രൂക്ഷമായി നിന്ന സമയത്ത് രാഹുല്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് അദ്ദേഹത്തെ പല മേഖലകളിലേക്കും കടത്തിവിടാതെ സുരക്ഷാ സേന തടഞ്ഞിരുന്നു. എന്നാല്‍, അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍, ജനങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നു. കലാപം ഏറ്റവുംകൂടുതല്‍ ബാധിച്ച ചുരാചന്ദ്പുരിലേക്ക് റോഡ് മാര്‍ഗം പോയ രാഹുലിന്റെ വാഹനം പോലീസ് തടഞ്ഞു. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഇവിടെയെത്തിയ രാഹുല്‍, തിരിച്ചെത്തിയതിന് ശേഷം രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന് എതിരെ നടത്തിയത്.

 

 

Latest News