ഗാസ യുദ്ധത്തില്‍ 60 ശതമാനം ഹമാസ് പോരാളികളും ഉന്മൂലനം ചെയ്യപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഹമാസിനെ ഉന്മൂലനം ചെയ്യുക, ഗാസ്സയില്‍ നിന്ന് എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരുക എന്നീ യുദ്ധ ലക്ഷ്യങ്ങള്‍ നിറവേറ്റുമെന്ന് സംഘര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ പാര്‍ലമെന്റിന് നല്കിയ ഉറപ്പില്‍ പ്രതിജ്ഞാബദ്ധമായി തന്നെ നില്‍ക്കുന്നെന്ന് ഗാലന്റ് വ്യക്തമാക്കി.
‘ഞങ്ങള്‍ 60 ശതമാനം ഹമാസ് ഭീകരരെയും ഉന്മൂലനം ചെയ്യുകയോ മുറിവേല്‍പ്പിക്കുകയോ ചെയ്തു. കൂടാതെ പലസ്തീന് ഗ്രൂപ്പിന്റെ 24 ബറ്റാലിയനുകളും തകര്‍ത്തു’. ഗാലന്റ് പറഞ്ഞു. അര്‍പ്പണബോധത്തോടെയും ത്യാഗത്തോടെയും തങ്ങളുടെ ജോലി നിര്‍വഹിച്ചതിന് ഇസ്രായേല്‍ സൈനികരെ പ്രതിരോധ മന്ത്രി പ്രശംസിച്ചു. ഇസ്രായേല്‍ അതിന്റെ ലക്ഷ്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും ഗാലന്റ് പറഞ്ഞു. യുദ്ധത്തില്‍ മരിച്ചവരുടെ കണക്കുകള്‍ മന്ത്രി നല്‍കിയില്ല. സ്ഥിതിവിവരക്കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഹമാസുമായി സന്ധി ചര്‍ച്ച ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ സംബന്ധിച്ച് അന്താരാഷ്ട്ര മധ്യസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കിലും, വടക്ക് ഗാസ സിറ്റിയിലും തെക്ക് റഫയിലും ഖാന് യൂനിസിലും ഇസ്രായേല്‍ പുതിയ പോര്‍മുഖങ്ങള്‍ തുറന്നിട്ടുണ്ട്.
ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ 1,195 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സാധാരണക്കാരാണ്. 251 ആളുകളെ ബന്ദികളാക്കി ഗാസയിലേക്ക് തട്ടിക്കൊണ്ടു പോകുകയും ചെയ്തു. അവരില്‍ 116 പേര് ഗാസയില്‍ തുടരുന്നു. 42 പേര് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം പറയുന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഇസ്രായേലിന്റെ സൈനിക തിരിച്ചടിയില്‍ ഗാസയില്‍ കുറഞ്ഞത് 38,295 പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ കൂടുതലും സാധാരണക്കാരാണ്.