സുരക്ഷിതരായി ഭൂമിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐ.എസ്.എസില്‍) നിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജൂണ്‍ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസില്‍ പോയത്. രണ്ടാഴ്ച തങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാല്‍, സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങി. ഐ.എസ്.എസില്‍ കൂടുതലായി കഴിയുന്ന സമയം പരീക്ഷണങ്ങളുമായി ആസ്വദിക്കുകയാണെന്ന് സുനിത പറഞ്ഞു.
നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദഗ്ദര്‍. അതിനുള്ള ഉത്തരം ലഭിച്ചാല്‍ മാത്രമേ പേടകം അണ്‍ഡോക്ക് ചെയ്ത് തിരിച്ചിറങ്ങാനാവൂ. നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുനിത വില്യംസും വില്‍മോറും പങ്കാളികളാണ്. നിലവില്‍ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജൂലായ് അവസാനത്തോടെ തിരിച്ചിറങ്ങാനാകുമെന്നാണ് പ്രതീക്ഷ.
പേടകത്തിന് താഴെയുള്ള സിലിണ്ടര്‍ രൂപത്തിലുള്ള സര്‍വീസ് മോഡ്യൂളിലാണ് വാതക ചോര്‍ച്ചയും ത്രസ്റ്ററുകളുടെ പ്രശ്നങ്ങളും ഉള്ളത്. നിലയത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇത് സംഭവിച്ചത്. അതിനുള്ള കാരണം കണ്ടുപിടിച്ചെങ്കില്‍ മാത്രമേ ഇനി നിര്‍മിക്കുന്ന പേടകങ്ങളില്‍ ആ പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ. ഇത് പേടകത്തിന്റെ, ഒരു പരീക്ഷണ ദൗത്യം കൂടിയാണെന്ന് ഓര്‍ക്കണം.
പേടകത്തിന്റെ ബഹിരാകാശത്തെ സഞ്ചാരത്തിനുള്ള ഊര്‍ജം നല്‍കുന്നത് സര്‍വീസ് മോഡ്യൂളാണ്. പേടകം തിരിച്ചിറങ്ങുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഈ സര്‍വീസ് മോഡ്യൂള്‍ കത്തിച്ചാമ്പലാവുകയും പേടകം മാത്രം പാരച്യൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. അക്കാരണത്താല്‍ സര്‍വീസ് മോഡ്യൂളിലെ പ്രശ്നം ഭൂമിയില്‍ തിരിച്ചെത്തിച്ച് പരിശോധിക്കാനാവില്ല. അതിനാലാണ് പേടകം നിലയത്തില്‍ തന്നെ നിര്‍ത്തി അവിടെ നിന്ന് പ്രശ്നങ്ങള്‍ പഠിക്കുന്നത്. മൂന്ന് മാസം വരെ ദൗത്യത്തിന്റെ സമയം ദീര്‍ഘിപ്പിക്കുമോ എന്ന് ഉറപ്പില്ല.