റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തില്‍ മുന്നറിയിപ്പുമായി അമേരിക്ക. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് അമേരിക്കന്‍ അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാന്‍ കഴിയില്ല. യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ലെന്നും എറിക് ഗാര്‍സെറ്റി പറഞ്ഞു.
ഇന്ത്യ സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നതിനെ താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ യുദ്ധസമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മള്‍ പരസ്പരം മനസിലാക്കണമെന്നും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് റഷ്യ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, റഷ്യയിലെ ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി സമ്മാനിച്ചിരുന്നു.
റഷ്യ യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി തുറന്ന ചര്‍ച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയില്‍ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു. മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.
അതേസമയം, റഷ്യയിലെ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യ റഷ്യ ബന്ധം ശക്തമാക്കാനുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.