മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുനേരെ ആക്രമണശ്രമം. പെന്‍സില്‍വേനിയയില്‍ ബട്ട്‌ലര്‍ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്റെ വലത്തേ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്‌ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.
സംഭവത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്റെ വക്താവ് അറിയിച്ചു. ഗാലറിയില്‍ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.