Sunday, April 13, 2025

റഷ്യയിലെ വാതക ഭീമന്‍ ഗാസ്‌പ്രോം, പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള വാതക കയറ്റുമതി നിര്‍ത്തിവച്ചു

റഷ്യയിലെ ഊര്‍ജ ഭീമനായ ഗാസ്‌പ്രോം, പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള വാതക കയറ്റുമതി നിര്‍ത്തിവച്ചു. ഈ രാജ്യങ്ങള്‍ റഷ്യയ്ക്ക് റൂബിളില്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്നാണ് കയറ്റുമതി നിര്‍ത്തിവച്ചത്. റഷ്യന്‍ കറന്‍സിയില്‍ രാജ്യങ്ങള്‍ പണമടയ്ക്കുന്നത് വരെ സേവനങ്ങള്‍ പുനഃസ്ഥാപിക്കില്ലെന്നും കമ്പനി അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, രാജ്യങ്ങളോട് റൂബിളില്‍ ഗ്യാസിന്റെ പണം നല്‍കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണിത്.

റഷ്യയില്‍ നിന്നുള്ള ഗ്യാസ് വിതരണം നിലച്ചതായി പോളണ്ട് സ്ഥിരീകരിച്ചു. എന്നാല്‍ വിതരണം നിര്‍ത്തിവച്ചിട്ടുണ്ടോ എന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് ബള്‍ഗേറിയ പറഞ്ഞു. ഗാസ്പ്രോമിന്റെ വാതകമില്ലാതെ രാജ്യത്തിന് മുന്നോട്ടു പോകാന്‍ കഴിയുമെന്നും അത്തരമൊരു സാഹചര്യത്തിന് തയ്യാറെടുക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില തീരുമാനങ്ങള്‍ എടുത്തിരുന്നുവെന്നും യുഎസും ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് വാതകം ലഭിക്കാനുള്ള ഓപ്ഷനുകള്‍ ഉണ്ടെന്നും പോളണ്ടിന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി, മാര്‍സിന്‍ പ്രസ്ഡാക്‌സ് പറഞ്ഞു.

ഈ വര്‍ഷം ആദ്യ പാദത്തില്‍ ഗാസ്പ്രോമില്‍ നിന്ന് ഗ്യാസ് ഇറക്കുമതിയുടെ 53% വാങ്ങിയ പോളിഷ് സ്റ്റേറ്റ് ഗ്യാസ് കമ്പനിയായ PGNiG, താല്‍ക്കാലികമായി ഗ്യാസ് വിതരണം നിര്‍ത്തിവച്ചതിനെ കരാര്‍ ലംഘനമെന്ന് വിശേഷിപ്പിച്ചു. ഗ്യാസ് വിതരണം പുനഃസ്ഥാപിക്കാന്‍ കമ്പനി നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഏപ്രിലിലെ റഷ്യന്‍ ഗ്യാസ് വിതരണത്തിന് ബള്‍ഗേറിയ പണം നല്‍കിയിട്ടുണ്ടെന്നും വിതരണക്കാരനായ ഗാസ്‌പ്രോം വിതരണം നിര്‍ത്തിയാല്‍ നിലവിലെ കരാര്‍ ലംഘനമാകുമെന്നും ബള്‍ഗേറിയയിലെ ഊര്‍ജ്ജ മന്ത്രി അലക്‌സാണ്ടര്‍ നിക്കോലോവ് അവകാശപ്പെട്ടു.

ഗ്യാസ് വിതരണത്തിന്റെ 90% ത്തിലധികം ഗാസ്പ്രോമിനെ ആശ്രയിക്കുന്ന ബള്‍ഗേറിയ, ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ വാതക ഉപഭോഗത്തില്‍ നിയന്ത്രണങ്ങളൊന്നും ആവശ്യമില്ലെന്നും പറഞ്ഞു. ഗ്യാസ് വിതരണം സാധാരണ നിലയിലാണെന്ന് ഹംഗറിയും ഓസ്ട്രിയയും പറഞ്ഞു. അതേസമയം റഷ്യന്‍ എണ്ണയുടെ അടിയന്തര നിരോധനം ജര്‍മ്മനി നിരസിച്ചു.

‘ബ്ലാക്ക്മെയിലിന്റെ ഉപകരണമായി’ റഷ്യ വാതകത്തെ ഉപയോഗിക്കുന്നുവെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല പറഞ്ഞു. ഇത് നീതീകരിക്കപ്പെടാത്തതും അസ്വീകാര്യവുമാണ്. ഒരു ഗ്യാസ് വിതരണ കേന്ദ്രം എന്ന നിലയില്‍ റഷ്യയുടെ വിശ്വാസ്യത ഇത് ഒരിക്കല്‍ കൂടി കാണിക്കുന്നു’ അവര്‍ പറഞ്ഞു.

പോളണ്ടിലേക്കും ബള്‍ഗേറിയയിലേക്കുമുള്ള വിതരണം നിര്‍ത്തിവച്ചത്, യൂറോപ്പില്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുന്ന റഷ്യയുടെ തുടക്കമാണ്’ എന്ന് ഇന്‍വെസ്ടെക്കിലെ എണ്ണ, വാതക ഗവേഷണ മേധാവി നഥാന്‍ പൈപ്പര്‍ പറഞ്ഞു.

റഷ്യയുടെ ഏറ്റവും പുതിയ നീക്കമനുസരിച്ച്, ബുധനാഴ്ച യൂറോപ്യന്‍ വാതക വിലയില്‍ 24% വര്‍ധന വരുത്തി. പാശ്ചാത്യ ഉപരോധം മൂലം റൂബിളിനെ ഉയര്‍ത്താനുള്ള ശ്രമമായാണ് ഗ്യാസ് റൂബിളില്‍ നല്‍കണമെന്ന റഷ്യയുടെ ആവശ്യം.

റഷ്യന്‍ വാതകം വാങ്ങുന്ന വിദേശികള്‍ റഷ്യയുടെ ഗാസ്പ്രോംബാങ്കില്‍ അക്കൗണ്ട് തുറന്ന് യൂറോയോ യുഎസ് ഡോളറോ അതിലേക്ക് മാറ്റണമെന്നാണ് പുടിന്റെ ഉത്തരവ്. ഗാസ്പ്രോംബാങ്ക് പിന്നീട് ഇത് റൂബിളാക്കി മാറ്റുകാണ് പതിവ്.

 

Latest News