Tuesday, November 26, 2024

ഇസ്രായേലിന്റെ കൂട്ടക്കൊല; ആക്രമണങ്ങള്‍ തടയാന്‍ മുസ്‌ലിം രാജ്യങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഇറാന്‍

ഗാസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ഇറാന്‍ ആഹ്വാനം ചെയ്തു. 90 പേര്‍ മരിക്കാനിടയായ ആക്രമണം കുട്ടികളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ കുറ്റകൃത്യമാണെന്ന് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് നാസര്‍ ഖനാനി പറഞ്ഞു.

അമേരിക്കയുടെ സൈനിക സഹായം, അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദത, യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്കാളിത്തം, ഇസ്‌ലാമിക രാജ്യങ്ങള്‍ അവരുടെ അസാമാന്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലെ പരാജയം എന്നിവയാണ് പലസ്തീന് നേരെ ആക്രമണം നടത്താന്‍ ഇസ്രായേലിനെ സഹായിക്കുന്നത്.

പലസ്തീനിലെ പോരാളികളില്‍നിന്ന് പരാജയം നേരിട്ടതിനാലാണ് ഇസ്രായേല്‍ ഇത്തരത്തില്‍ ആക്രമണം നടത്തുന്നത്. ഗാസ്സ മുനമ്പിലെ പ്രതിരോധമില്ലാത്ത സാധാരണക്കാരുടെ മാനുഷികമോ ധാര്‍മികമോ ആയ അതിരുകള്‍ ഇസ്രായേല്‍ തിരിച്ചറിയുന്നില്ല. ഇത്തരം നടപടികള്‍ ഇസ്രായേലിനെതിരായ ആഗോള രോഷം വര്‍ധിപ്പിക്കുമെന്നും അവരുടെ തകര്‍ച്ചയെ വേഗത്തിലാക്കുമെന്നും ഖനാനി കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ രാഷ്ട്രത്തിനുള്ള പിന്തുണ തുടരുമെന്ന് ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. പലസ്തീന്‍ രാഷ്ട്രത്തിന്റെ ദൃഢതയും പോരാളികളുടെ വീരോചിതമായ ധീരതയും കാരണം അന്തിമ വിജയം പലസ്തീന്‍ ജനങ്ങളുടെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News