സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2009ല്‍ എക്സ് അക്കൗണ്ട് ആരംഭിച്ചതു മുതല്‍ എക്സില്‍ സജീവമായിരുന്നു മോദി. മോദിയുടെ ഫോളോവര്‍മാരുടെ എണ്ണം 10 കോടി (100 മില്യണ്‍) ആണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ (38.1 ദശലക്ഷം അനുയായികള്‍), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം അനുയായികള്‍), പോപ്പ് ഫ്രാന്‍സിസ് (18.5 ദശലക്ഷം അനുയായികള്‍) എന്നിവരുള്‍പ്പെടെയുള്ള ആഗോള നേതാക്കളെ മോദി മറികടന്നു.
യൂട്യൂബ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പ്രധാനമന്ത്രി മോദിക്ക് വലിയ സ്വാധീനമുണ്ട്. യൂട്യൂബില്‍ യഥാക്രമം 25 ദശലക്ഷത്തോളം ഫോളോവേഴ്‌സും ഇന്‍സ്റ്റാഗ്രാമില്‍ 91 ദശലക്ഷത്തിലധികം ഫോളോവേഴ്സും മോഡിക്കുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം പേരാണ് എക്സില്‍ പുതുതായി മോദിയെ ഫോളോ ചെയ്തത്. വിരാട് കോലി (6.41 കോടി), നെയ്മര്‍ ജൂനിയര്‍ (6.36 കോടി), ടെയ്ലര്‍ സ്വിഫ്റ്റ് (9.53 കോടി), ലേഡി ഗാഗ (8.31 കോടി), കിം കര്‍ദാഷിയാന്‍ (7.52 കോടി) എന്നിവരേക്കാള്‍ ഫോളോവര്‍മാര്‍ എക്സില്‍ മോദിക്കുണ്ട്.