പാകിസ്ഥാനില്‍ ആദ്യമായി ആരംഭിച്ച മുലപ്പാല്‍ ബാങ്ക് അനിസ്ലാമികമെന്ന് പുരോഹിതര്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് അടച്ചുപൂട്ടി. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ബാങ്ക് ആരംഭിച്ചത്. ബാങ്ക് വീണ്ടും തുറക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രതീക്ഷയുണ്ടെന്നും ഡോക്ടര്‍മാരും ദേശീയ ഇസ്ലാമിക് കൗണ്‍സിലും അറിയിച്ചു. കറാച്ചിയിലെ ആശുപത്രിയിലാണ് ബ്രെസ്റ്റ് മില്‍ക്ക് ബാങ്ക് തുറന്നത്. ഡിസംബറില്‍ പ്രവിശ്യാ ഇസ്ലാമിക് കൗണ്‍ലില്‍ മതപരമായ അംഗീകാരം നല്‍കിയെങ്കിലും ബാങ്ക് തുറന്ന ജൂണില്‍ അംഗീകാരം പിന്‍വലിക്കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് പൂട്ടി.
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ അതിജീവനത്തിനുള്ള മാര്‍ഗങ്ങളിലൊന്ന് മുലപ്പാലാണെന്ന് ബാങ്ക് ആരംഭിച്ച സിന്ധ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ആന്‍ഡ് നിയോനറ്റോളജി ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും ഡോക്ടറുമായ ജമാല്‍ റാസ പറഞ്ഞു. മാസം തികയാത്ത കുഞ്ഞുങ്ങള്‍ക്ക് മാത്രമേ ഈ പാല് നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ ചില്‍ഡ്രന്‍സ് ഏജന്‍സിയുടെ കണക്കനുസരിച്ച്, പാകിസ്ഥാനിലെ നവജാതശിശു മരണനിരക്ക് 1,000 ജനനങ്ങളില്‍ 39 ആണ്.
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയര്‍ന്ന ശിശുമരണ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്. ഒരേ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ തമ്മില്‍ ഭാവിയില്‍ വിവാഹിതരായാല്‍ അനിസ്ലാമികമാകുമെന്ന് വിലയിരുത്തിയാണ് ഗവണ്മെന്റിന്റെ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി ബാങ്കിനെ എതിര്‍ത്തത്. വിവാഹങ്ങളുടെ പ്രശ്നം സങ്കീര്‍ണ്ണമാക്കാതിരിക്കാന്‍ ദാതാക്കള്‍ ആരാണെന്ന് കുട്ടിയുടെ കുടുംബം അറിഞ്ഞിരിക്കണമെന്ന് കൗണ്‍സിലിലെ ഗവേഷണ മേധാവി ഇനാമുള്ള എഎഫ്പിയോട് പറഞ്ഞു.