Tuesday, November 26, 2024

ഡല്‍ഹി ജെ.എന്‍.യുവില്‍ ഇനി ഹിന്ദു, ബുദ്ധ, ജൈന മതപഠന കേന്ദ്രങ്ങള്‍

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഹിന്ദു, ബുദ്ധ, ജൈന മത പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. സംസ്‌കൃത, ഇന്‍ഡിക് പഠന വകുപ്പുകളുടെ കീഴിലാകും ഈ മൂന്ന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുക. പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനത്തിന് ജെഎന്‍യു നിര്‍വാഹക സമിതി നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. മെയ് 29ന് നടന്ന യോഗത്തിലാണ് ഇക്കാര്യം അംഗീകരിച്ചത്. പ്രാചീന ഇന്ത്യന്‍ മതങ്ങളെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ മതപഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

2020ലെ ദേശീയ വിദ്യാഭ്യാസനയവും ഇന്ത്യന്‍ വൈജ്ഞാനിക സംവിധാനവും സര്‍വകലാശാലയില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ജെഎന്‍യു ഒരു സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു കൊണ്ടാണ് പുതിയ പഠന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഹിന്ദുമതം, ബുദ്ധമതം, ജൈനമതം എന്നിവയെക്കുറിച്ചുള്ള അക്കാദമിക് പഠനത്തില്‍ വര്‍ധിച്ചുവരുന്ന താല്‍പ്പര്യത്തോടുള്ള പ്രതികരണം കൂടിയാണ് ഈ കേന്ദ്രങ്ങളുടെ സ്ഥാപനമെന്ന് അധികൃതര്‍ പറഞ്ഞു. ഈ പുതിയ പഠന കേന്ദ്രങ്ങള്‍ ഈ മതങ്ങളുടെ തത്ത്വചിന്തകള്‍, ചരിത്രങ്ങള്‍, സാംസ്‌കാരിക സംഭാവനകള്‍ എന്നിവയുമായി ആഴത്തിലുള്ള അക്കാദമിക് ഇടപഴകല്‍ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാമുകളും കോഴ്‌സുകളും നല്‍കും.

ഡല്‍ഹി സര്‍വകലാശാല കഴിഞ്ഞ വര്‍ഷം തന്നെ ഹിന്ദു പഠന കേന്ദ്രം ആരംഭിച്ചിരുന്നു. ഇപ്പോഴിവിടെ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നല്‍കുന്നുണ്ട്. ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ട്. നേരത്തെ തന്നെ ഡല്‍ഹി സര്‍വകലാശാലയില്‍ ബുദ്ധമത പഠന കേന്ദ്രം ഉണ്ട്. സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ബുദ്ധിസം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി മാര്‍ച്ചില്‍ ലഭിച്ചു. 35 കോടിയാണ് ഇതിന് പ്രതീക്ഷിക്കുന്ന ചെലവ്.

ജെഎന്‍യു കാംപസിലെ ജലക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. ജലശേഖരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ചെക്ക് ഡാമുകള്‍ നിര്‍മിക്കുന്നതിനുമുള്ള പദ്ധതികള്‍ നടന്നുവരികയാണ്. കൂടാതെ, ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന അസൗകര്യങ്ങളും പ്രശ്‌നങ്ങളും വിലയിരുത്തുന്നതിന് ഒരു ഓഡിറ്റ് നടത്തും.

 

 

Latest News