Monday, November 25, 2024

പാലസ്തീന്‍ ജനതക്ക് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ എത്തിച്ച് യുഎഇ

പാലസ്തീന്‍ ജനതക്ക് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ എത്തിച്ച് യുഎഇ. ഗസ്സ മുനമ്പില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കും ആരോഗ്യ മേഖലക്കും പിന്തുണ നല്‍കാനായി വ്യത്യസ്ത മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മൂന്നു ടണ്ണിന്റെ സഹായമാണ് യു.എ.ഇ എത്തിച്ചത്. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള ആരോഗ്യ മേഖലയില്‍ കടുത്ത മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യര്‍ഥനകള്‍ക്ക് പിന്നാലെയാണ് യു.എ.ഇ കൂടുതല്‍ സഹായങ്ങള്‍ കൈമാറിയത്.

യുദ്ധത്തില്‍ കുടിയിറക്കപ്പെട്ട എല്ലാ ജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനും പരിക്കേറ്റവര്‍ക്കും രോഗികള്‍ക്കും നല്‍കി വരുന്ന മെഡിക്കല്‍ സേവനങ്ങള്‍ തുടര്‍ന്നും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. മരുന്ന് ക്ഷാമം നേരിടുന്ന ആശുപത്രികള്‍ക്ക് ആവശ്യമായ നിരവധി മെഡിക്കല്‍ ഉല്‍പന്നങ്ങള്‍, വിവിധ തരത്തിലുള്ള പരിക്കുകള്‍ക്കുള്ള മരുന്നുകള്‍, പ്രമേഹ രോഗികള്‍ക്കുള്ള ഇന്‍സുലിന്‍ തുടങ്ങി നിര്‍ണായക സാഹചര്യത്തില്‍ ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണക്കുന്നതിനുള്ള സഹായങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ഗസ്സ മുനമ്പിലെ ആരോഗ്യ മേഖലകളെ സഹായിക്കുന്നതിനായി വിവിധ ആശുപത്രികള്‍, അന്താരാഷ്ട്ര മെഡിക്കല്‍ സംഘങ്ങള്‍ എന്നിവയുമായി യു.എ.ഇ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. യുദ്ധം മൂലം നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. ഈ ആശുപത്രികളെ സഹായിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ ഉപകരണങ്ങളും യു.എ.ഇ അനുവദിച്ചിട്ടുണ്ട്. ഇതോടെ 337 ടണ്ണിന്റെ മെഡിക്കല്‍ സഹായമാണ് എത്തിക്കാനായത്.

 

Latest News