വിപണിയിലെ പണലഭ്യത കുറഞ്ഞതോടെ വാണിജ്യ ബാങ്കുകള്‍ വായ്പകളുടെ പലിശ വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) വിവിധ കാലാവധിയിലുള്ള വായ്പകളുടെ ബെഞ്ച്മാര്‍ക്ക് മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ലെന്‍ഡിംഗ് നിരക്ക് (എം.സി.എല്‍.ആര്‍) ഇന്നലെ 0.05 ശതമാനം മുതല്‍ 0.1 ശതമാനം വരെ ഉയര്‍ത്തി.
ഇതോടെ എസ്.ബി.ഐ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശയും കൂടും. കഴിഞ്ഞ മാസവും എസ്.ബി.ഐ വായ്പകളുടെ പലിശ നിരക്കില്‍ നേരിയ വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. സാധാരണ റിസര്‍വ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോയില്‍ വരുത്തുന്ന വര്‍ദ്ധനയ്ക്ക് ആനുപാതികമായാണ് വായ്പകളുടെ പലിശ കൂട്ടാറുള്ളത്, ഇതോടെ ഒരു വര്‍ഷം കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ 0.1 ശതമാനം വര്‍ദ്ധനയോടെ 8.85 ശതമാനമാകും.
എച്ച്.ഡി.എഫ്.സി ബാങ്ക്, യെസ് ബാങ്ക്, കാനറ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയും കഴിഞ്ഞ ദിവസങ്ങളില്‍ വായ്പകളുടെ പലിശ ഉയര്‍ത്തിയിരുന്നു. ഒരു ബാങ്കിന് വായ്പ അനുവദിക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എം.സി.എല്‍.ആര്‍. അതത് ബാങ്കുകളുടെ ഫണ്ട് സമാഹരണത്തിലെ ചെലവു കണക്കാക്കിയാണ് ഈ നിരക്ക് നിശ്ചയിക്കുന്നത്.
തിരിച്ചടവ് തുക ലക്ഷത്തിന് ഏഴ് രൂപ കൂടും. ഇ.എം.ഐകളുടെ എണ്ണംകൂടും. എം.സി.എല്‍.ആര്‍ 0.1 ശതമാനം ഉയര്‍ത്തിയതോടെ ഒരു ലക്ഷം രൂപ 25 മുതല്‍ 30 വര്‍ഷം വരെ കാലാവധിയില്‍ വായ്പയെടുത്തിട്ടുള്ള എസ്.ബി.ഐ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുകയില്‍ (ഇ.എം.ഐ) ഏഴ് രൂപയുടെ വര്‍ദ്ധനയുണ്ടാകും. ഇരുപത് ലക്ഷം രൂപയുടെ ഭവന വായ്പയ്ക്ക് പലിശ പ്രതിമാസം 140 രൂപയിലധികം കൂടും. സാധാരണ ഇ.എം.ഐ തുക വര്‍ദ്ധിപ്പിക്കാതെ ഇ.എം.ഐകളുടെ എണ്ണം കൂട്ടുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. ഇപ്പോഴത്തെ പലിശ വര്‍ദ്ധന മൂലം രണ്ട് ഇ.എം.ഐ വരെ കൂടാനിടയുണ്ട്.