Sunday, November 24, 2024

സിബിഎസ്ഇ 12 ാം ക്ലാസ് ബോര്‍ഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതല്‍, മികച്ച മാര്‍ക്ക് സ്വീകരിക്കാം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ 2026 മുതല്‍ രണ്ടു തവണ നടത്തിയേക്കും. മാര്‍ച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാര്‍ക്ക് ഏതാണോ അത് വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരിക്കാന്‍ കഴിയും. നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ (എന്‍.സി.എഫ്.എസ്.ഇ) ആണ് ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്.

നിലവില്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലാണ് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ എഴുതുന്നത്. മെയ് മാസത്തില്‍ ഫലം പ്രഖ്യാപിക്കുന്നു. അതിനുശേഷം ജൂലൈയില്‍ സപ്ലിമെന്ററി പരീക്ഷ എഴുതി ഒരു വിഷയത്തിലെ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ കഴിയും. പാസ്സാകാത്തവര്‍ക്കും ഈ പരീക്ഷ എഴുതാം. ഈ വര്‍ഷത്തെ 12-ാം ക്ലാസിലെ സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 നാണ് നടന്നത്.

2020ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് രണ്ട് തവണ പരീക്ഷ നടത്തുക എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. പ്രതിവര്‍ഷം രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതിനുള്ള നിര്‍ദ്ദേശം തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെടുകയും ചെയ്തു. രണ്ട് തവണ പരീക്ഷ നടത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ എല്ലാ വിഷയങ്ങളും വീണ്ടും എഴുതാന്‍ കഴിയും. എന്നിട്ട് കൂടുതലുള്ള മാര്‍ക്ക് ഏതാണോ അത് സ്വീകരിക്കാം.

ജൂണ്‍ മാസത്തില്‍ പരീക്ഷ നടത്തുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ഒരു വിഷയത്തില്‍ മാത്രമല്ല എല്ലാ വിഷയങ്ങളിലും വീണ്ടും പരീക്ഷ എഴുതാം. രണ്ടാം സെറ്റ് പരീക്ഷകള്‍ നടത്താന്‍ സിബിഎസ്ഇയ്ക്ക് ആദ്യ ഫലം പുറത്തുവിട്ട് ഏകദേശം 15 ദിവസത്തെ ഇടവേള വേണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫലം പ്രഖ്യാപിക്കാന്‍ ഒരു മാസവും വേണ്ടിവരും. അതിനാല്‍ രണ്ടാം ബോര്‍ഡ് പരീക്ഷയുടെ ഫലം ഓഗസ്റ്റോടെയാകും പ്രസിദ്ധീകരിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് എഴുതേണ്ട മറ്റ് പ്രവേശന പരീക്ഷകള്‍, രണ്ട് തവണ മൂല്യനിര്‍ണയം മൂലം അധ്യാപകര്‍ക്കുണ്ടാവുന്ന അമിത ജോലിഭാരം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാകും അന്തിമ തീരുമാനമെടുക്കുക.

എല്ലാ വിദ്യാര്‍ത്ഥികളും രണ്ടാം ബോര്‍ഡ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളും വീണ്ടും എഴുതില്ലെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രണ്ടോ മൂന്നോ വിഷയങ്ങളേ എഴുതൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പരീക്ഷകള്‍ വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന സമ്മര്‍ദം ലഘൂകരിക്കുകയാണ് ലക്ഷ്യം.

 

Latest News