ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും മനസുതുറന്നു ചിരിക്കാന്‍ കഴിയുക എന്നത് ഒരു വലിയ ആശ്വാസം തന്നെയാണ്. കുട്ടികളായിരിക്കുമ്പോള്‍, നമ്മള്‍ ദിവസത്തില്‍ അനേകം തവണ ചിരിക്കുമായിരുന്നു, എന്നാല്‍ മുതിര്‍ന്നപ്പോള്‍, ജീവിതം ഗൗരവമുള്ളതും ചിരി അപൂര്‍വവുമായി തീര്‍ന്ന എന്നൊക്കെ പറയുന്നവര്‍ നമ്മുക്കിടയിലുണ്ട്. എന്നാല്‍ പല പ്രതികൂല സാഹചര്യങ്ങളെയും ചിരിയിലൂടെ മറികടന്നവരും നമുക്കിടയിലുണ്ട്. അതിന് ഒടുവിലായി എത്തി നില്‍ക്കുന്ന ഉദാഹരണമാണ് മലയാള സിനിമയിലെ നിറ സാനിധ്യവും താരവുമായ ആസിഫ് അലി.
എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് അലിയെ രമേഷ് നാരായണന്‍ അപമാനിച്ച സംഭവം നടന്നത്. ആന്തോളജി ചിത്രത്തിലെ ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന പടത്തില്‍ രമേഷ് നാരായണ്‍ സംഗീതം ഒരുക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് പുരസ്‌കാരം നല്‍കുന്നതിന് വേണ്ടി ആസിഫ് അലിയെ ക്ഷണിക്കുക ആയിരുന്നു. എന്നാല്‍ താല്പര്യം ഇല്ലാതെ, സദസിനെ പുറംതിരിഞ്ഞ് നിന്ന് പുരസ്‌കാരം വാങ്ങിയ രമേഷ്, സംവിധായകന്‍ ജയരാജിനെ വിളിച്ചു. ശേഷം ഇദ്ദേഹത്തില്‍ നിന്നും പുരസ്‌കാരം വാങ്ങിക്കുക ആയിരുന്നു.
രമേഷ് നാരായണന്‍ തന്നെ അപമാനിച്ചു എന്ന് തിരിച്ചറിയുമ്പോഴും ആസിഫ് അലിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. യാതൊരു തരത്തിലുള്ള ഭാവ വ്യത്യാസവും ഇല്ലാതെ, തന്നെക്കാള്‍ മുതിര്‍ന്നവര്‍ ഇരിക്കുന്ന വേദിയെ ബഹുമാനിച്ചുകൊണ്ട് തന്നെ ആസിഫ് അലി പെരുമാറി.അതാണ് ആസിഫ്, അങ്ങനെയാണ് ആസിഫ് അലി. ഇത് തന്നെയാണ് ഓരോ വ്യക്തിക്കും വേണ്ടതും. അപമാനിക്കപെടുകയാണെന്ന് അറിഞ്ഞിട്ടും ഒരു ചെറു പൂഞ്ചിരിയില്‍ അസിഫ് അത് ഒതുക്കി.
കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രചരണ പോസ്റ്ററില്‍ ആസിഫ് അലിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള പൊലീസും രംഗത്തെത്തിയിരിക്കുകയാണ്. നേരിടാം ചിരിയോടെ എന്ന തലക്കെട്ടോടെയാണ് ‘ചിരി’യിലേക്ക് വിളിക്കാം ‘ചിരിക്കാം’ എന്ന പോസ്റ്റര്‍ കേരള പൊലീസ് പങ്കുവെച്ചത്. ആസിഫ് അലിക്കായി കേരളക്കരയാകെ ഒറ്റക്കെട്ടായി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന വേളയിലാണ് കേരള പൊലീസും പിന്തുണയുമായി എത്തിയത്.