ബംഗ്ലാദേശിനെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികള്‍ ജയില്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. നര്‍സിങ്കടി ജില്ലയിലെ സെന്‍ട്രല്‍ ജയിലില്‍നിന്നു നൂറുകണക്കിനു തടവുകാരെ പ്രക്ഷോഭകര്‍ മോചിപ്പിച്ചു. പൊലീസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
1971ലെ ബംഗ്ലദേശ് വിമോചനസമരത്തില്‍ രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ ജോലിയില്‍ 30% സംവരണം ഏര്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടര്‍ന്നാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടി പ്രക്ഷോഭത്തിന്റെ വിഷയമായി മാറിക്കഴിഞ്ഞു.
ഇന്നലെയും സുരക്ഷാസേന പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പും കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഔദ്യോഗിക ടിവി ചാനലായ ബിടിവിയുടെ ഓഫിസിനു മുന്നില്‍ സമരം ചെയ്തവര്‍ക്കു നേരെയും വെടിവയ്പുണ്ടായി. ധാക്കയില്‍ ഇന്റര്‍നെറ്റ് നിയന്ത്രണമുണ്ട്.
തലസ്ഥാനത്തെ സര്‍വകലാശാലകള്‍ അടയ്ക്കുകയും ഹോസ്റ്റലുകളില്‍നിന്നും വിദ്യാര്‍ഥികളെ ഒഴിപ്പിക്കുകയും ചെയ്തു. നിരോധനാജ്ഞ നിലവിലുണ്ട്. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്.