സമൂഹമാധ്യമമായ എക്സില്‍ ഏറ്റവും കൂടുതല്‍ പേര് പിന്തുടരുന്ന ലോക നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 100.2 മില്യന്‍ (10.02 കോടി) ആളുകളാണ് എക്സില്‍ നരേന്ദ്ര മോദിയെ പിന്തുടരുന്നത്. പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെ എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് മോദിയെ അഭിനന്ദിച്ചു രംഗത്തെത്തി. ”ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍”, എന്നാണ് ഇലോണ്‍ മസ്ക് എക്സില്‍ കുറിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് എക്സില്‍ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടത്. മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരന് കൂടിയാണ് നരേന്ദ്ര മോദി. നിലവില്‍ 38.1 ദശലക്ഷം അനുയായികളുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (11.2 ദശലക്ഷം), ഫ്രാന്‍സിസ് മാര്‍പാപ്പ (18.5 ദശലക്ഷം) എന്നിവരുള്‍പ്പെടെയുള്ള മറ്റ് ലോക നേതാക്കളേക്കാള്‍ പ്രധാനമന്ത്രി മോദി വളരെ മുന്നിലാണ്.
എക്സില്‍ ഒബാമയെ 13.1 കോടി പേരാണ് പിന്തുടരുന്നത്. മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്താണ്, 8.7 കോടി പേരാണ് എക്സില്‍ ട്രംപിനെ പിന്തുടരുന്നത്. 3.8 കോടി പേര് പിന്തുടരുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് നാലാം സ്ഥാനത്ത്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര് എക്സില്‍ പിന്തുടരുന്ന വ്യക്തി, എക്സ് ഉടമ തന്നെയായ ഇലോണ്‍ മസ്കാണ്. 19 കോടിയിലേറെ പേരാണ് ഇലോണ്‍ മസ്കിനെ എക്സില്‍ പിന്തുടരുന്നത്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മൂന്നാം സ്ഥാനത്ത്.