യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖത്ത് ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രമണം, ഇസ്രായേലിന്റെ കൈ എത്താത്ത സ്ഥലമില്ലെന്ന് നമ്മുടെ ശത്രുക്കള്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നതായിരുന്നു എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹൊദൈദ തുറമുഖത്തെ ഇന്ധന ഡിപ്പോകളും ഊര്‍ജ സംഭരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇറാനില്‍ നിന്ന് ആയുധങ്ങള്‍ കൊണ്ടുവരാന്‍ ഹൂതികള്‍ ഉപയോഗിക്കുന്ന തുറമുഖമായിരുന്നു അത്. അതിനാല്‍ ഇസ്രായേല്‍ ഇത് നിയമാനുസൃതമായ സൈനിക ലക്ഷ്യമായി കണ്ടു. ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം നടത്തിയതിന് പിന്നാലെ പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേലിനെതിരെ നൂറുകണക്കിന് ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തിയത്. എന്നാല്‍ യെമനിലെ ആദ്യത്തെ ഐഡിഎഫ് ആക്രമണമാണിത്.
വെള്ളിയാഴ്ച ടെല്‍ അവീവില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇസ്രായേലി സിവിലിയന്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ‘ഇസ്രായേലിന്റെ ശത്രുക്കള്‍ക്കുള്ള ഒരു സന്ദേശമാണിത്. ഞങ്ങളുടെ ശക്തിയെ തെറ്റിദ്ധരിക്കരുത്’ പ്രത്യാക്രമണത്തിനുശേഷം നെതന്യാഹു ഒരു ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ‘എല്ലാ വിധത്തിലും ഞങ്ങള്‍ സ്വയം സംരക്ഷിക്കും. നമ്മെ ദ്രോഹിക്കുന്ന ഏതൊരാളും വളരെ വലിയ വില നല്‍കേണ്ടിവരും’. നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
ഹൂതികള്‍ക്ക് മാത്രമല്ല, ഹമാസിനും ലെബനന്‍ ഭീകര സംഘടനയായ ഹിസ്ബുള്ള ഉള്‍പ്പെടെയുള്ളവര്‍ക്കും ഈ ആക്രമണം ഒരു സന്ദേശമാണെന്ന് ഇസ്രായേല്‍ നേതാക്കള്‍ ഊന്നിപ്പറഞ്ഞു.