കോവിഡ് മരണങ്ങളുടെ വിവരങ്ങള്‍ ഇന്ത്യ മറച്ചുവെച്ചതായി പഠന റിപ്പോര്‍ട്ട്. ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിലെ ജനസംഖ്യാ ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ധരും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2020ല്‍ സര്‍ക്കാര്‍ പുറത്തുവിട്ടതിനേക്കാള്‍ എട്ടിരട്ടി പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.
ഇത് പ്രകാരം 2020 ല്‍ 1.19 മില്യണ്‍ ആളുകളെങ്കിലും ഇന്ത്യയില്‍ കോവിഡ് മൂലം അധികം മരിച്ചിരിക്കാമെന്നാണ് പറയുന്നത്. 1,48,738 പേര്‍ മാത്രമാണ് കോവിഡ് മൂലം ഇന്ത്യയില്‍ 2020ല്‍ മരിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. സര്‍ക്കാരിന്റെ 2019-21 കാലയളവിലെ ഫാമിലി ഹെല്‍ത്ത് സര്‍വേ, ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ റിപ്പോര്‍ട്ട്, ലോകാരോഗ്യ സംഘടനയുടെ വിവരങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കോവിഡിന്റെ തുടക്കത്തില്‍ ലോകം മുഴുവന്‍ വലിയ പ്രതിസന്ധിയിലായിരുന്നപ്പോഴും കര്‍ശനമായ ലോക്ക്ഡൗണിലൂടെ അണുബാധ മൂലമുള്ള മരണങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിച്ചുവെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം. എന്നാല്‍, ഇത്തരം വാദങ്ങളെ പൂര്‍ണമായും ഖണ്ഡിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.