Monday, April 21, 2025

ഹാരപ്പന്‍ സംസ്‌കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’എന്നാക്കി; വീണ്ടും എന്‍സിഇആര്‍ടിയുടെ തിരുത്ത്

ആറാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകം തിരുത്തി എന്‍സിഇആര്‍ടി. ഹാരപ്പന്‍ സംസ്‌കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്നാണ് എന്‍.സി.ഇ.ആര്‍.ടി തിരുത്തിയത്. ആറാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് ഹാരപ്പന്‍ സംസ്‌കാരത്തെ തിരുത്തിയത്. ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്’ എന്ന പേരില്‍ കഴിഞ്ഞദിവസമാണ് പുസ്തകമിറങ്ങിയത്. സരസ്വതി നദിയെക്കുറിച്ചും യൂണിറ്റ് ഉപശീര്‍ഷകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

സരസ്വതി നദി അപ്രത്യക്ഷമായില്ലെന്നും ഇന്ത്യയില്‍ ‘ഗഗ്ഗര്‍’ എന്ന പേരിലും പാകിസ്താനില്‍ ‘ഹക്ര’ എന്ന പേരിലും നദി ഒഴുകുന്നുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. ‘ഋഗ്വേദ’ത്തില്‍ സരസ്വതി നദിയെപ്പറ്റിയുള്ള പരാമര്‍ശത്തെക്കുറിച്ച് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഹാരപ്പന്‍ നഗരങ്ങളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ സരസ്വതി നദി വറ്റിവരണ്ടതാണെന്നും പാഠപുസ്തകത്തില്‍ പറയുന്നു. എന്നാല്‍ പഴയ പാഠപുസ്തകങ്ങളില്‍ സരസ്വതി നദി വറ്റിവരണ്ടതായി പരാമര്‍ശിക്കുന്നില്ല. ഇന്ത്യക്ക് സ്വന്തമായി സമയക്രമം നിശ്ചയിക്കുന്നതിന് സംവിധാനമുണ്ടായിരുന്നതായും പാഠപുസ്തകത്തിലുണ്ട്.

ഗ്രീനിച്ച് മെറിഡിയന്‍ നിശ്ചയിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്നെ ‘ഉജ്ജയിനി മെറിഡിയന്‍’ എന്ന് വിളിക്കുന്നപ്പെടുന്ന ഒരു ‘പ്രൈം മെറിഡിയന്‍’ ഇന്ത്യക്ക് ഉണ്ടായിരുന്നെന്നും പുസ്തകത്തിലുണ്ട്. പര്‍വതങ്ങളെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള ഭൂമിശാസ്ത്ര വിഭാഗത്തില്‍ കാളിദാസന്റെ കവിതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാളിദാസന്റെ കുമാര സംഭവവും അതിലെ ഹിമാലയന്‍ പരാമര്‍ശവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജാതി വിവേചനത്തെയും അസമത്വങ്ങളെയും കുറിച്ചുള്ള പരാമര്‍ശങ്ങളും ദലിത് എന്ന വാക്കിന്റെ നിര്‍വചനവും പാഠപുസ്തകത്തില്‍ നിന്ന് നീക്കിയിട്ടുണ്ട്. നിരവധി സംസ്‌കൃത പദങ്ങളും പാഠപുസ്തകത്തിലുണ്ട്. സംസ്‌കൃത പദങ്ങളുടെ ഉച്ചാരണം സംബന്ധിച്ച ഒരു കുറിപ്പ് തന്നെ പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്.

 

Latest News