Monday, November 25, 2024

തിരുവനന്തപുരം വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ ലെവല്‍-2 അക്രഡിറ്റേഷന്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എസിഐ) ലെവല്‍-2 എയര്‍പോര്‍ട്ട് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് അക്രഡിറ്റേഷന്‍ ലഭിച്ചു. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ വിലയിരുത്തിയാണ് അംഗീകാരം.

വിമാനത്താവളത്തിലെ അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസരഹിതവുമായ യാത്ര ഉറപ്പാക്കാനായി വിമാനത്താവളത്തില്‍ നടപ്പാക്കിയ ഇ-ഗേറ്റ് സംവിധാനം, ഭക്ഷണ-ഷോപ്പിംഗ് സൗകര്യങ്ങളുടെ വിപുലീകരണം ഉള്‍പ്പെടെയുള്ളവ അംഗീകാരത്തിനായി പരിഗണിക്കപ്പെട്ടതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.

യാത്രക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തിലും എയര്‍ ട്രാഫിക് മൂവ്മെന്റുകളുടെ (എടിഎം) എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മൂന്നു മാസത്തിനിടെ 12.6 ലക്ഷത്തിലേറെ യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു. പ്രതിമാസ ശരാശരി 4 ലക്ഷം പിന്നിട്ടു. ഈ കാലയളവില്‍ 7954 എയര്‍ ട്രാഫിക് മൂവ്‌മെന്റുകളാണ് നടന്നത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 6887 ആയിരുന്നു- 14% വര്‍ധന.

 

 

Latest News