വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് ആഭരണങ്ങളും പണവും നല്കുകയാണെങ്കില് അത് നിയമപരമായ രീതിയില്‍ കൃത്യമായി രേഖപ്പെടുത്തി വയ്ക്കണമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വനിതാ കമ്മീഷന് അദാലത്തിന്റെ രണ്ടാം ദിവസം പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
വിവാഹ സമയത്ത് യുവതികള്‍ക്ക് നല്കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മീഷന് മുന്നിലെത്തുന്നത്.
എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. ഇക്കാരണത്താല്‍ ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് നല്കുന്ന ആഭരണങ്ങളും പണവും നിയമപരമായ രീതിയില്‍ രേഖപ്പെടുത്തി വയ്ക്കണമെന്ന് വനിതാ കമ്മീഷന് നിര്‍ദ്ദേശിച്ചത്.