2024-ലെ ‘ഓസ്വാള്‍ഡോ പേ അവാര്‍ഡ്’ നിക്കരാഗ്വന്‍ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന്. ലോകമെമ്പാടുമുള്ള ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, സ്വാതന്ത്ര്യം എന്നിവയുടെ സംരക്ഷണത്തിനായി വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തികള്‍ക്കോ, ??സ്ഥാപനങ്ങള്‍ക്കോ ??വര്‍ഷംതോറും നല്‍കിവരുന്ന പുരസ്കാരമാണിത്.
നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടക്രൂരതയെത്തുടര്ന്ന് ജനാധിപത്യത്തിനും രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിനാണ് ബിഷപ്പ് അല്‍വാരസിന് അവാര്‍ഡ് ലഭിച്ചത്.
2023 ഫെബ്രുവരിയില്‍, രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബിഷപ്പിനെ നിക്കരാഗ്വന്‍ ഭരണകൂടം 26 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. എങ്കിലും 2024 ജനുവരിയില്‍ വത്തിക്കാന്റെ ഇടപെടലുകളെതുടര്‍ന്ന് ബിഷപ്പ് അല്‍വാരെസിനെയും മറ്റൊരു ബിഷപ്പിനെയും 15 വൈദികരെയും രണ്ട് വൈദികാര്‍ഥികളെയും വിട്ടയച്ചു. അവരെയെല്ലാം വത്തിക്കാനിലേക്കു നാടുകടത്തി.
‘സ്വാതന്ത്ര്യവും ജനാധിപത്യവും തേടുന്ന അനേകര്‍ക്ക് ബിഷപ്പിന്റെ ധൈര്യം ഒരു പ്രത്യാശയാണ്. നീതിക്കും സ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള അശ്രാന്തപരിശ്രമത്തിനാണ് ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന് ഈ അവാര്‍ഡ് നല്‍കുന്നത്. അദ്ദേഹം ഞങ്ങള്‍ക്കൊരു മാതൃകയാണ്’ – ജൂലൈ 22-നു പ്രസിദ്ധീകരിച്ച ഒരു വീഡിയോയില്‍ സംഘടന പറഞ്ഞു.