Monday, April 21, 2025

നോണ്‍സ്റ്റിക്കിലെ പാചകം; ടെഫ്‌ലോണ്‍ ഫ്‌ലൂ കേസുകള്‍ കൂടുന്നു

നോണ്‍സ്റ്റിക് പാനിലെ ശരിയായ രീതിയിലല്ലാത്ത പാചകം ടെഫ്‌ലോണ്‍ ഫ്‌ലൂ എന്ന രോഗം ഉണ്ടാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പോളിമര്‍ ഫ്യൂം ഫീവര്‍ എന്നും അറിയപ്പെടുന്ന ടെഫ്‌ലോണ്‍ ഫ്‌ലൂ കഴിഞ്ഞ വര്‍ഷം 250-ലധികം അമേരിക്കക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലവേദന, ശരീരവേദന, പനി, വിറയല്‍ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

ടെഫ്‌ലോണ്‍ കുക്ക് വെയറിന്റെ തെറ്റായ ഉപയോഗമാണ് ഈ രോഗത്തിന് കാരണം. നോണ്‍സ്റ്റിക്ക് കുക്ക് വെയര്‍ അമിതമായി ചൂടാക്കുകയോ ടെഫ്‌ലോണ്‍ പാനുകളിലെ കോട്ടിങ് ഇളകുകയോ ചെയ്യുന്നത് രാസവസ്തുക്കള്‍ പുറത്തുവരാന്‍ കാരണമാകും. ചൂടാക്കുമ്പോള്‍ ഈ രാസവസ്തുക്കള്‍ വായുവിലേക്ക് എത്തുകയും വിഷപ്പുക ശ്വസിക്കുന്നത് ഫ്‌ലൂ പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഭക്ഷ്യവസ്തുക്കള്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ നോണ്‍ സ്റ്റിക് പാത്രങ്ങളില്‍ ഉപയോഗിക്കുന്ന രാസവസ്തുവിനെ ടെഫ്ളോണ്‍ എന്നാണ് പൊതുവായി പറയുന്നത്.

നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒരിക്കലും തനിച്ച് ചൂടാക്കരുത് എന്നതാണ് പ്രധാനം. 300 ഡിഗ്രി സെന്റിഗ്രേഡിനു മുകളില്‍ നോണ്‍സ്റ്റിക് ചൂടാകുമ്പോള്‍ അതിലെ രാസവസ്തു വിഘടിക്കാന്‍ തുടങ്ങും. സാധാരണ ഗതിയില്‍ ദോശ ചുടുമ്പോള്‍ 400 ഡിഗ്രിയെങ്കിലും ചൂട് വേണ്ടിവരും. ദോശ ഒഴിക്കുന്നതിനു മുന്‍പ് നോണ്‍സ്റ്റിക് ചൂടാക്കുമ്പോള്‍ തന്നെ അതിലെ രാസവസ്തു വിഘടിക്കാന്‍ തുടങ്ങും എന്നര്‍ഥം. പിടിഎഫ്ഇ വിഘടിച്ചാല്‍ അത് ഫ്ളൂറോ കാര്‍ബണുകളും മറ്റ് ഉത്പ്പന്നങ്ങളുമുണ്ടാകും. ഇവ ആഹാരത്തില്‍ ചേരും. അതുകൊണ്ട് നോണ്‍ സ്റ്റിക് പാത്രങ്ങള്‍ തനിയെ ചൂടാക്കുന്നത് അപകടകരമാണ്. വെള്ളം ചേര്‍ത്തുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരു പരിധിവരെ ഇതില്‍ സുരക്ഷിതമായി പാചകം ചെയ്യാം.

 

Latest News