പനാമയിലെ ഡാരിയന്‍ നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച 10 കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചു. കൊളംബിയയുടെ അതിര്‍ത്തിയായ പനാമയിലെ ഡാരിയന്‍ ഗ്യാപ്പിലൂടെയുള്ള നദി മുറിച്ചുകടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരാണ് മുങ്ങിമരിച്ചതെന്ന് പനാമ അധികൃതര്‍ ബുധനാഴ്ച പറഞ്ഞു. ശക്തമായ ഒഴുക്കില്‍ ഇരകള്‍ ഒഴുകിപ്പോവുകയും പിന്നീട് മൃതദേഹങ്ങള്‍ കരേട്ടോയിലെ തദ്ദേശീയ മേഖലയില്‍ കണ്ടെത്തുകയുമായിരുന്നുവെന്ന് നാഷണല്‍ ബോര്‍ഡര്‍ സര്‍വീസ് പ്രസ്താവനയില്‍ പറഞ്ഞു.
ജൂലൈ 16 ന് മുങ്ങിമരണം നടന്നതായാണ് കരുതപ്പെടുന്നത്. എന്നാല്‍ പ്രദേശം വളരെ വിദൂരമായതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ മാത്രമേ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിഞ്ഞുള്ളുവെന്നും കേസിനെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ അധികാരമില്ലാത്ത ഒരു ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരകളുടെ രാജ്യക്കാര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡാരിയന്‍ കടക്കുന്ന കുടിയേറ്റക്കാരില്‍ പകുതിയിലേറെയും വെനസ്വേലയില്‍ നിന്നാണ്.
2023 ല്‍ 500,000 ത്തിലധികം കുടിയേറ്റക്കാര്‍ കാടുമൂടിയ അതിര്‍ത്തിയിലൂടെ കടന്നുകയറ്റം നടത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 212,000 ത്തിലധികം പേര്‍ ഡാരിയന്‍ വഴി പനാമയില്‍ പ്രവേശിച്ചു. പനാമയിലെ മഴക്കാലമാണ്. അതുകൊണ്ടു തന്നെ കുടിയേറ്റക്കാര്‍ കടന്നുപോകേണ്ട നിരവധി നദികളെ അത് കൂടുതല്‍ അപകടകരമാക്കുന്നു.
യു.എസ് ഗവണ്‍മെന്റിന്റെ സഹായത്തോടെ ഡാരിയന്‍ വഴിയുള്ള കുടിയേറ്റം തടയുമെന്ന് പുതിയ പനാമന്‍ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ പ്രതിജ്ഞയെടുത്തു. പനാമയുടെ അതിര്‍ത്തി പൊലീസ് പറയുന്നതനുസരിച്ച്, ഈ 10 മരണങ്ങള്‍ പ്രഖ്യാപിക്കുന്നതിനുമുമ്പ്, കുറഞ്ഞത് 29 കുടിയേറ്റക്കാരെങ്കിലും ഡാരിയന്‍ കടക്കാന്‍ ശ്രമിച്ച് മരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 84 മരണങ്ങളാണ് പൊലീസ് രേഖപ്പെടുത്തിയത്.