Monday, April 7, 2025

ലിംഗവിവേചനം, മോശം പെരുമാറ്റം: ഇന്ത്യയില്‍ തൊഴിലിടങ്ങളില്‍ കൂടുതല്‍ മാനസികസമ്മര്‍ദ്ദം സ്ത്രീകള്‍ക്ക്

ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് പഠന റിപ്പോര്‍ട്ട്. യുവര്‍ ദോസ്ത് നടത്തിയ മാനസികാരോഗ്യ പഠന സര്‍വ്വേയുടെ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

അയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 72.2 ശതമാനം പേരും തങ്ങള്‍ തൊഴിലിടത്ത് കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന് പ്രതികരിച്ചു. എന്നാല്‍, പുരുഷന്മാരില്‍ 53.64 ശതമാനം മാത്രമാണ് തൊഴിലിടത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടേണ്ടിവരുന്നത്. തൊഴിലും ജീവിതവും ഒരേപോലെ കൊണ്ടുപോകാന്‍ പാടുപെടുന്നവരാണ് സ്ത്രീകളില്‍ ഭൂരിപക്ഷവും. സ്ത്രീകളില്‍ മാനസികസമ്മര്‍ദ്ദത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതും ഇതു തന്നെ.

തൊഴിലിടങ്ങളില്‍ അംഗീകരിക്കപ്പെടാതെ പോകുന്നതിനാല്‍ മാനസികസമ്മര്‍ദ്ദത്തിന് വിധേയപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ഒരേ തൊഴില്‍ ചെയ്തിട്ടും സഹപ്രവര്‍ത്തകരായ പുരുഷന്മാര്‍ തൊഴിലിടത്തിലും മേലുദ്യോഗസ്ഥരാലും കൂടുതല്‍ അംഗീകരിക്കപ്പെടുന്നു എന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സഹപ്രവര്‍ത്തകരോ മേലുദ്യോഗസ്ഥരോ ആയ പുരുഷന്മാരില്‍ നിന്ന് മോശം പെരുമാറ്റം നേരിടുന്നതു മൂലം മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ എണ്ണവും കുറവല്ല.

തങ്ങള്‍ തെറ്റായ രീതിയില്‍ വിലയിരുത്തപ്പെടുമെന്ന് ഭയന്ന് സമ്മര്‍ദ്ദത്തിലാവുന്ന സ്ത്രീകളുമുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. തൊഴിലിടത്തെ മോശം സാഹചര്യങ്ങള്‍ മൂലം വിഷാദത്തിലേക്കും മോശം ആരോഗ്യാവസ്ഥയിലേക്കും പോകുന്ന സ്ത്രീകളുടെ എണ്ണം 20 ശതമാനമാണ്. അതേസമയം, പുരുഷന്മാരുടെ എണ്ണം 9.27 ശതമാനം മാത്രമാണ്.

21നും 30നുമിടയില്‍ പ്രായമുള്ളവരിലാണ് തൊഴിലിടത്തെ മാനസികസമ്മര്‍ദ്ദം കൂടുതലായി കാണുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത, ഈ പ്രായത്തിലുള്ളവരില്‍ 64.42 ശതമാനവും കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. 31 മുതല്‍ 40 വയസുവരെയുള്ളവരാണ് ഈ പട്ടികയില്‍ രണ്ടാമത്. ഇവരില്‍ 59.81 ശതമാനവും തൊഴിലിടത്ത് കടുത്ത മാനസികസമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്നു.

തൊഴിലിടത്തെ അടിക്കടി മാറിവരുന്ന സാഹചര്യങ്ങള്‍, പോളിസി മാറ്റങ്ങള്‍, റിമോട്ട്- ഹൈബ്രിഡ് മാതൃകകകള്‍ എന്നിവയൊക്കെയാണ് 21നും 30നുമിടയിലുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാന്‍ കമ്പനികള്‍ ജീവനക്കാരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് യുവര്‍ ദോസ്ത് ചീഫ് സൈക്കോളജി ഓഫീസര്‍ ഡോ ജിനി ഗോപിനാഥ് പറയുന്നു. ഐടി, നിര്‍മ്മാണ മേഖല, ഗതാഗതം, മാധ്യമങ്ങള്‍ തുടങ്ങി വിവിധ സ്വഭാവത്തിലുള്ള തൊഴിലിടങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ചാണ് യുവര്‍ ദോസ്ത് സര്‍വ്വേ നടത്തിയത്.

 

 

 

 

 

Latest News