Sunday, November 24, 2024

ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ ഹിജാബിന് വിലക്ക്; ഫ്രഞ്ച് അത്ലറ്റിന് തൊപ്പിയണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി

ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രഞ്ച് അത്ലറ്റ് സൗങ്കമ്പ സില്ലയ്ക്ക് ഹിജാബിനു പകരം തൊപ്പിയണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി നല്‍കി ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റി. ഹിജാബണിഞ്ഞ് പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച സംഭവം നേരത്തെ വിവാദമായിരുന്നു. എന്നാല്‍ പരേഡില്‍ തൊപ്പിയണിഞ്ഞ് പങ്കെടുക്കാമെന്ന് താരത്തെ അറിയിക്കുകയും അവര്‍ അംഗീകരിക്കുകയും ചെയ്തതായി ഒളിംപിക്സ് കമ്മിറ്റി അറിയിച്ചു.

26 കാരി സൗങ്കമ്പ സില്ല പങ്കെടുക്കുന്നത് 400 മീറ്റര്‍, മിക്സഡ് റിലേ മത്സരങ്ങളിലാണ്. നിങ്ങളുടെ രാജ്യത്ത് സംഘടിപ്പിക്കുന്ന ഒളിംപിക്സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു, പക്ഷേ നിങ്ങള്‍ ഹിജാബ് ധരിച്ചതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല”. ഇത്തരമൊരു അറിയിപ്പാണ് താരത്തിന് നേരത്തെ ഫ്രഞ്ച് ഒളിംപിക്സ് കമ്മിറ്റിയില്‍ നിന്ന് ലഭിച്ചത്.

ഇതോടെ ഉദ്ഘാടന ചടങ്ങില്‍ ടീമിന്റെ ഭാഗമായി പരേഡില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു സൗങ്കമ്പ സില്ല നേരിട്ടത്. സംഭവം ഹിജാബ് വിവാദം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വിഷയത്തില്‍ വ്യാപക ചര്‍ച്ചയുയര്‍ന്നു. ഇതോടെയാണ് ഭാഗികമായി അംഗീകരിക്കാന്‍ അധികൃതര്‍ തയാറായത്. ”ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഒടുവില്‍ ധാരണയിലെത്തിയിരിക്കുന്നു. തുടക്കം മുതല്‍ പിന്തുണച്ചവര്‍ക്ക് നന്ദി”- വിവാദങ്ങള്‍ക്കൊടുവില്‍ സൗങ്കമ്പ സില്ല സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചു.

ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാര്‍ഷ്യന്‍ ഫ്രാന്‍സിലെ പൊതുമേഖല തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ രാജ്യത്തിനായി ഒളിംപിക്സില്‍ പങ്കെടുക്കുന്നവര്‍ക്കും ബാധകമാകുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ വിലക്കില്ലാത്തതിനാല്‍ മതപരമായ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മറ്റു രാജ്യങ്ങളിലെ അത്ലറ്റുകള്‍ക്ക് ഇത് ബാധകമാകില്ല.

 

Latest News