അഗ്‌നിവീര്‍ സൈനികര്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പോലീസിലും സംവരണം പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങള്‍. ബിജെപി ഭരണക്കുന്ന ഒഡീഷ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വെള്ളിയാഴ്ച, കാര്‍ഗില്‍ വിജയ് ദിവസിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് തൊഴില്‍ സംവരണം നല്‍കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യുപി പോലീസ്, പിഎസി സേനകളിലേക്കുള്ള റിക്രൂട്ട്മെന്റില്‍ അഗ്നിവീറുകള്‍ക്ക് വെയിറ്റേജ് നല്‍കുമെന്നായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്.
ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും അഗ്‌നിവീറുകള്‍ക്ക് സംവരണവും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ജോലികളില്‍ ക്വാട്ടയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കാര്‍ഗില്‍ വിജയ ദിവസത്തോടനുബന്ധിച്ച് ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടത്തിയ പ്രസംഗത്തില്‍ അഗ്‌നിവീര്‍ പദ്ധതിക്കെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
അഗ്‌നിവീര്‍ പദ്ധതി സൈന്യത്തെ സദാ യുദ്ധസജ്ജമാക്കി നിര്‍ത്തുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. അതേസമയം, മോദിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.
അഗ്‌നിപഥ് സ്‌കീമിന് കീഴില്‍, കരസേനാ-വ്യോമസേനാ-നാവികസേന എന്നിവയിലേക്ക് നാല് വര്‍ഷത്തേക്കാണ് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. 2022-ല്‍ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അധികാരത്തിലെത്തിയാല്‍ അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
നേരത്തെ ഹരിയാനയും അഗ്‌നിവീറുകള്‍ക്ക് കോണ്‍സ്റ്റബിള്‍, മൈനിംഗ് ഗാര്‍ഡ്, ഫോറസ്റ്റ് ഗാര്‍ഡ്, ജയില്‍ വാര്‍ഡര്‍മാര്‍, എസ്പിഒമാര്‍ എന്നീ 10 ശതമാനം തിരശ്ചീന സംവരണം നല്‍കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി തസ്തികകളിലെ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റിന്റെ പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് നല്‍കാനും ഹരിയാന മുഖ്യമന്ത്രി നയബ് സിങ് സയ്നി തീരുമാനിച്ചിരുന്നു.