Sunday, November 24, 2024

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ പഠനത്തില്‍ കുറവുണ്ടാകുന്നതായി പുതിയ പഠനങ്ങള്‍

മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഉന്നത പഠനത്തിനായി നാടുവിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെയും തൊഴില്‍ വിപണിയെയും സാരമായി ബാധിക്കുമെന്ന ആശങ്ക സജീവമായിരുന്നു. ഉന്നത പഠനത്തിനായി പോകുന്ന കുട്ടികളില്‍ ഭൂരിഭാഗവും തിരികെ വരില്ലെന്ന റിപ്പോര്‍ട്ടും ഒരേസമയം ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ ഏറ്റവും പുതുതായി പുറത്തു വരുന്ന പുതിയ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത് കേരളത്തില്‍ നിന്നടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശ പഠനത്തില്‍ കുറവുണ്ടായെന്നാണ്.

12 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശപഠനത്തിനായി രാജ്യം വിട്ടുവെന്നാണ് 2023 ലെ കണക്ക്. ഇത് 15-20 ലക്ഷം വരെയാകും അടുത്ത വര്‍ഷത്തില്‍ എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിദ്യാഭ്യാസ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി ആയ ഗ്യാന്‍ധാന്‍ 2024 മാര്‍ച്ച് മുതല്‍ മേയ് വരെ നടത്തിയ പഠനം ഈ കണക്കുകളെ തിരുത്തുന്നു.

കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവ് പരിശോധിച്ചാല്‍ വിദേശ പഠനത്തിനായി വായ്പയെടുക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ 22 ശതമാനം കുറവുണ്ടായെന്നാണ് കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്ത് പോകുന്ന തെലങ്കാനയില്‍ 30 ശതമാനവും ഗുജറാത്തില്‍ 35 ശതമാനവും കുറവുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വായ്പകളുടെ എണ്ണത്തില്‍ ആകട്ടെ 12.39 ശതമാനം കുറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ കുറവിന് നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നില്ല. വിദേശ പഠനത്തിന്റെ മറുപുറമായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യവും ഇതാണ്. സാങ്കേതിക മേഖലയിലും വിദഗ്ധ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മാത്രമാണ് മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്. പല രാജ്യങ്ങളിലും മതിയായ താമസ സൗകര്യം പോലും ലഭിക്കാത്തതും വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായെത്തുന്ന രാജ്യങ്ങളിലെ തൊഴില്‍, വിദ്യാഭ്യാസം എന്നീ നയങ്ങളില്‍ വന്ന മാറ്റവും തിരിച്ചടിയാണ്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം അടുത്തിടെയാണ് കാനഡ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ആസ്ട്രേലിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചതിനൊപ്പം ഫീസും ഇരട്ടിയാക്കി, ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ കുട്ടികളെത്തുന്ന യു.കെയും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

തദ്ദേശീയരുടെ തൊഴിലവസരങ്ങങ്ങളില്‍ വിദേശികള്‍ കയ്യടക്കുന്നുവെന്ന പ്രചാരണം യു.എസിനെയും കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് നയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ഇതേ സമയം കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് അനുവദിക്കുമെന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ഏറെ ആശ നല്‍കുന്നതാണ്.

വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴത്തെ പ്രതിസന്ധി അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് അനാരോഗ്യകരമായ വിപണി പ്രവണതകളെ ഇല്ലാതാക്കുമെന്നും, മികച്ചതും കുറ്റമറ്റതുമായ സേവനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിയുമെന്നതാണ് പ്രതീക്ഷ.

 

Latest News