വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ ദീര്‍ഘകാല വിസ പദ്ധതി ആരംഭിച്ച് ഇന്തൊനേഷ്യ. നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കുന്ന പദ്ധതിയാണിത്.
പുതിയ ഗോള്‍ഡന്‍ വിസ പദ്ധതി പ്രകാരം നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. 5 വര്‍ഷം കാലാവധിയുള്ള വിസയും 10 വര്‍ഷം കാലാവധിയുള്ള വിസയും. പ്രത്യേക നിബന്ധനകളാണ് ഓരോ വിസക്കുമുള്ളത്. അഞ്ച് വര്‍ഷത്തെ വിസ ലഭിക്കുന്നതിന് വ്യക്തിഗത നിക്ഷേപകര്‍ കുറഞ്ഞത് 2.5 മില്യന്‍ ഡോളര്‍ മൂല്യമുള്ള ഒരു കമ്പനി സ്ഥാപിക്കണം. 5 മില്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണ് 10 വര്‍ഷത്തെ വിസ ലഭിക്കാന്‍ ആവശ്യം. അതേസമയം രാജ്യത്ത് കമ്പനി സ്ഥാപിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഇന്തൊനേഷ്യന്‍ സര്‍ക്കാരിന്റെ ബോണ്ടുകള്‍, പൊതുമേഖല സ്ഥാപനങ്ങളുടെ സ്റ്റോക്കുകള്‍ എന്നിവയില്‍ നിക്ഷേപിക്കാം.
350,000 ഡോളര്‍ നിക്ഷേപിച്ചുകൊണ്ട് അഞ്ച് വര്‍ഷത്തെ പെര്‍മിറ്റും 700,000 ഡോളര്‍ നിക്ഷേപിച്ചുകൊണ്ട് പത്ത് വര്‍ഷത്തെ പെര്‍മിറ്റും നേടാം. കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് വിസ ലഭിക്കാന്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ഡയറക്ടര്‍മാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും അഞ്ച് വര്‍ഷത്തെ വിസ ലഭിക്കാന്‍ കമ്പനികള്‍ 25 മില്യന്‍ ഡോളര്‍ നിക്ഷേപിക്കണം. പത്ത് വര്‍ഷത്തെ വിസ ലഭിക്കുന്നതിനായി 50 മില്യന്‍ ഡോളര്‍ നിക്ഷേപം വേണം. സമാനരീതിയിലുള്ള നിക്ഷേപ വിസ പദ്ധതികള്‍ മറ്റ് രാജ്യങ്ങളിലും നിലവിലുണ്ട്. കാനഡ, ബ്രിട്ടന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ ഈ പദ്ധതികള്‍ നിര്‍ത്തലാക്കിയിരുന്നു.