Tuesday, November 26, 2024

പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്

കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ പൊതുജനം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന അഭ്യര്‍ഥനയുമായി കേരള പോലീസ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.

സുരക്ഷാ മുന്‍കരുതലുകള്‍:

>ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം.

>നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്.

>ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും, അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

>ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥയില്‍ ഉള്ളവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം.

>ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

>ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്.

>മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വിനോദ യാത്രകള്‍ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.

>ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.

>അടിയന്തരഘട്ടങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിച്ച് പൊലീസിന്റെ സഹായം തേടാവുന്നതാണ്.

 

Latest News